LiveTV

Live

UAE

യു.എ.ഇ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നു

വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ നടത്തിയ ചർച്ച നിർണായകമാണ്.

യു.എ.ഇ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നു

ഇന്ത്യ, യു.എ.ഇ ബന്ധത്തിൽ ശക്തമായ മുന്നേറ്റത്തിന് വീണ്ടും വഴിയൊരുങ്ങുന്നു. എല്ലാ തുറകളിലും തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പാക്കാനാണ് ധാരണ. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രിയുടെ ത്രിദിന ഇന്ത്യൻ സന്ദർശനം തുടരുകയാണ്.

മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ന്യൂദൽഹിയിൽ എത്തിയ യു.എ.ഇ മന്ത്രി ഉഭയകക്ഷി ബന്ധം കരുത്തുറ്റതാക്കി മാറ്റാനുള്ള കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. ഗൾഫ് സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരു രാജ്യങ്ങളും ഒരുമിച്ചു നിൽക്കുന്നത് മേഖലക്ക് ഏറെ ഗുണം ചെയ്യുമെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ നടത്തിയ ചർച്ച നിർണായകമാണ്. ആഭ്യന്തര, അന്താരാഷ്ട്ര കാര്യങ്ങളിൽ ഇരു മന്ത്രിമാരും കാഴ്ചപ്പാടുകൾ പങ്കിട്ടു. സാമ്പത്തികം, വാണിജ്യം, നിക്ഷേപം, ഊർജം തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. സിറിയ, ലിബിയ, യെമൻ രാജ്യങ്ങളിലെ സംഭവവികാസങ്ങൾ ചർച്ചയിൽ വിഷയമായി.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ. അഹ്മദ് അൽ ബന്ന തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഊർജം, വാണിജ്യം തുടങ്ങിയ മേഖലകളിൽ പ്രധാന കരാറുകൾക്കു രൂപമാകുമെന്നാണു സൂചന. ത്രിദിന സന്ദർശനത്തിന് ഷെയ്ഖ് അബ്ദുല്ല ഞായർ വൈകിട്ടാണ് ന്യൂഡൽഹിയിൽ എത്തിയത്. ഉന്നതതല ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്