LiveTV

Live

UAE

ദുബൈ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി ഇന്ത്യന്‍ രൂപ മതി

നിലവിലുള്ള 100, 200, 500, 2000 രൂപ നോട്ടുകളാണ് ഇവിടെ സ്വീകരിക്കുക

ദുബൈ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി  ഇന്ത്യന്‍ രൂപ മതി

ദുബൈ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി മുതല്‍ ഇന്ത്യന്‍ രൂപ നല്‍കിയും സാധനങ്ങള്‍ വാങ്ങാം. ഈ മാസം ഒന്ന് മുതലാണ് ഇടപാടുകള്‍ക്ക് ഇന്ത്യന്‍ രൂപ സ്വീകരിക്കാന്‍ ദുബൈ ഡ്യൂട്ടി ഫ്രീ അധികൃതര്‍ തീരുമാനിച്ചത്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് ടെര്‍മിനലുകളിലും, ജബല്‍ അലിയിലെ അല്‍ മക്തൂം വിമാനത്താളത്തിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഇനി മുതല്‍ ഇന്ത്യന്‍ കറന്‍സി സ്വീകരിക്കും.

ദുബൈയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇടപാടുകള്‍ അനുവദിക്കുന്ന 16മത്തെ കറന്‍സിയാണ് ഇന്ത്യന്‍ രൂപ. നിലവിലുള്ള 100, 200, 500, 2000 രൂപ നോട്ടുകളാണ് ഇവിടെ സ്വീകരിക്കുക. എന്നാല്‍, ബാക്കി നല്‍കുന്നത് യു.എ.ഇ ദിര്‍ഹത്തിലായിരിക്കും.

യു.എസ് ഡോളര്‍, യൂറോ, പൗണ്ട് എന്നിവയില്‍ ഇടപാട് നടത്തുന്നവര്‍ക്ക് അതേ കറന്‍സി തന്നെയാണ് ബാക്കി നല്‍കുക. ദുബൈയിലെ വിമാനത്താവളങ്ങളിലൂടെ ഏറ്റവും കൂടുതല്‍ യാത്രചെയ്യുന്ന രാജ്യക്കാരില്‍ ഇന്ത്യക്കാര്‍ മുന്‍നിരയിലുണ്ട് എന്നത് മാത്രമല്ല ദുബൈ ഡ്യൂട്ടി ഫ്രീയില്‍ ജോലിയെടുക്കുന്ന 6000 പേരില്‍ രണ്ടാം സ്ഥാനത്തുള്ളതും ഇന്ത്യക്കാരാണ്.