LiveTV

Live

UAE

അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് റെയിൽപാത; ദേശീയ റെയിൽ കമ്പനിയായ ‘ഇത്തിഹാദ് റെയിൽ’ രണ്ട് കരാറുകൾ നൽകി

216 കിലോമീറ്റർ, 94 കിലോമീറ്റർ ദൈർഘ്യത്തിലുള്ള രണ്ട് പാക്കേജുകൾക്കാണ് അനുമതി

അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് റെയിൽപാത; ദേശീയ റെയിൽ കമ്പനിയായ ‘ഇത്തിഹാദ് റെയിൽ’ രണ്ട് കരാറുകൾ നൽകി

അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് റെയിൽപാത നിർമിക്കുന്നതിന് ദേശീയ റെയിൽ കമ്പനിയായ 'ഇത്തിഹാദ് റെയിൽ' രണ്ട് കരാറുകൾ നൽകി. ഇത്തിഹാദ് ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദിെൻറ അധ്യക്ഷതയിൽ നടന്ന ബോർഡ് യോഗത്തിലാണ് മൊത്തം 440 കോടി ദിർഹത്തിന്റെ കരാറിന് അനുമതി നൽകിയത്.

216 കിലോമീറ്റർ, 94 കിലോമീറ്റർ ദൈർഘ്യത്തിലുള്ള രണ്ട് പാക്കേജുകൾക്കാണ് അനുമതി. ഗുവൈഫാതിൽനിന്ന് കിഴക്കൻ തീരമായ ഫുജൈറ തുറമുഖം വരെയുള്ള 605 കിലോമീറ്റർ പാതയുടെ ഭാഗമാണിത്. ചൈന റെയിൽവേ കൺസ്ട്രക്ഷൻ കോർപറേഷൻ , ഗന്തൂത്ത് ട്രാൻസ്പോർട്ട് ആൻഡ് ജനറൽ കോൺട്രാക്ടിങ് കമ്പനി എന്നിവക്കാണ് നിർമാണ കരാർ നൽകിയത്.

ദഫ്റയിലെ ഹബ്ഷാൻ എണ്ണ സംസ്കരണ കേന്ദ്രങ്ങളിൽ നിന്ന് റുവൈസ് തുറമുഖത്തേക്ക് കയറ്റുമതിക്കായി സൾഫർ കൊണ്ടുപോകുന്നതിനുള്ള റെയിൽപാത 2016 മുതൽ പ്രവർത്തിച്ച് വരുന്നുണ്ട്. ഇതിന്റെ രണ്ടാം ഘട്ടമായാണ് ദുബൈയിലെയും അബൂദബിയിലെയും തുറമുഖങ്ങളെ കൂട്ടിയിണക്കി പാത നിർമിക്കുന്നത്.

കരാർ ഒപ്പിടൽ ചടങ്ങിൽ ശൈഖ് തിയാബ് ബിൻ മുഹമ്മദ്, ഗന്തൂത്ത് ട്രാൻസ്പോർട്ട്^ജനറൽ കോൺട്രാക്ടിങ് ചെയർമാൻ അലി അൽ ബലൂഷി, സി.ആർ.സി.സി പ്രതിനിധി വാങ് ജിൻസോങ് തുടങ്ങിയവർ പങ്കെടുത്തു. യു.എ.ഇയിലെ ഗതാഗത-ചരക്കുനീക്ക മേഖലയിലെ വളർച്ച ഇത്തിഹാദ് റെയിൽവേ സംവിധാനം നിലനിര്‍ത്തുമെന്ന് ശൈഖ് തിയാബ് പറഞ്ഞു.