LiveTV

Live

UAE

അബൂദബിയിൽ വൻ മയക്കുമരുന്ന്​ വേട്ട; 423 കിലോ ഹെറോയിനും അഞ്ച്​ ലക്ഷം മയക്കുഗുളികകളും പിടികൂടി

കേസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 ഏഷ്യക്കാരെ പിടികൂടി

അബൂദബിയിൽ വൻ മയക്കുമരുന്ന്​ വേട്ട; 423 കിലോ ഹെറോയിനും അഞ്ച്​ ലക്ഷം മയക്കുഗുളികകളും പിടികൂടി

അബൂദബിയിൽ വൻമയക്കുമരുന്ന് വേട്ട. 423 കിലോ ഹെറോയിനും അഞ്ച് ലക്ഷം മയക്കുഗുളികകളുമാണ് പിടികൂടിയത്. സമീപകാലത്ത്
യു.എ.ഇയിൽ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്നുവേട്ട കൂടിയാണിത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ അബൂദബി പൊലീസാണ്
വൻ മയക്കുമരുന്ന് വേട്ട ഉറപ്പാക്കിയത്.

പിടികൂടിയ 423 കിലോ ഹെറോയിനും അഞ്ച് ലക്ഷം മയക്കുമരുന്ന്
ഗുളികകളും പൊലീസ് പ്രദര്‍ശിപ്പിച്ചു. വാഹന ഭാഗങ്ങളിലും മറ്റും ഒളിപ്പിച്ച നിലയിലാണ് ഹെറോയിൻ കണ്ടെടുത്തത്. കേസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 ഏഷ്യക്കാരെ പിടികൂടി. എമിറേറ്റിൽ വ്യാപിച്ചുകിടന്ന പ്രധാന മയക്കുമരുന്ന് ശൃംഖലയെയാണ് പൊലീസ് തകർത്തത്.

423 കിലോ ഹെറോയിൻ, അഞ്ച് ലക്ഷം മയക്കുമരുന്ന്
ഗുളികകൾ എന്നിവക്ക് പുറമെ ഖരരൂപത്തിലുള്ള മെതാംഫെറ്റമീനും പിടികൂടിയതായി അബൂദബി പൊലീസിലെ കേണൽ താഹിർ അൽ ദാഹിരി പറഞ്ഞു. പ്രതികളുടെ നീക്കം മാസങ്ങളോളം നിരീക്ഷിച്ചാണ്
ഓപറേഷൻ നടത്തിയത്.

മറ്റു രാജ്യങ്ങളിൽനിന്നുള്ള പ്രതികൾ സൃഷ്ടിച്ച മയക്കുമരുന്ന്
ശൃംഖല യു.എ.ഇയിലെ യുവജനങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയിൽ ദുബൈ പൊലീസ് 365 കിലോ മയക്കുമരുന്ന് പിടികൂടുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.