LiveTV

Live

UAE

മുടങ്ങിയ എമിറേറ്റ്സ് എയർലൈൻസിന്റെ കരിപ്പൂർ സർവീസ് ഉടൻ; പ്രതീക്ഷയോടെ പ്രവാസികള്‍

വേനലവധി ആരംഭിക്കാനിരിക്കെ, സീറ്റുകളുടെ ലഭ്യതക്കുറവ് പ്രവാസികളെ വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്.

മുടങ്ങിയ എമിറേറ്റ്സ് എയർലൈൻസിന്റെ കരിപ്പൂർ സർവീസ് ഉടൻ; പ്രതീക്ഷയോടെ പ്രവാസികള്‍

നാലു വർഷം മുൻപ് നിർത്തിവെച്ച എമിറേറ്റ്സ് എയർലൈൻസ് കരിപ്പൂർ സർവീസ് ഉടൻ പുനരാരംഭിച്ചേക്കുമെന്ന വാർത്ത യു.എ.ഇ പ്രവാസികളിൽ ആഹ്ലാദം പടർത്തി. അനുമതി ലഭിച്ചാൽ ഒരാഴ്ചക്കകം തന്നെ സർവീസ്
പുനരാരംഭിക്കും എന്നാണ് വിമാന കമ്പനി വ്യക്തമാക്കിയത്. കേന്ദ്ര വ്യോമയാന മന്ത്രാലയം ഉടൻ അനുകൂല തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷ.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി കഴിഞ്ഞ ദിവസം ദുബൈയിൽ എമിറേറ്റ്സ് എയർലൈൻസ് സാരഥികളുമായി നടത്തിയ ചർച്ചയാണ് വഴിത്തിരിവായത്. എമിറേറ്റ്സ് എയ്റോ പൊളിറ്റിക്കൽ ആൻറ് ഇൻഡസ്ട്രി കാര്യ വകുപ്പ് സീനിയർ വൈസ് പ്രസിഡൻറ് സാലം ഉബൈദുല്ല, സീനിയർ മാനേജർ അഹമ്മദ് അൽ കാമിസ് എന്നിവരാണ്
സർവീസ് പുനരാരംഭിക്കാൻ സന്നദ്ധത അറിയിച്ചത്.

ജൂൺ മുതൽ നാലു മാസത്തേക്ക് കരിപ്പൂരിലേക്ക് സർവീസ് നടത്താൻ താൽകാലിക അനുമതി തേടി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയും കത്തു നൽകിയിട്ടുണ്ട്. ഇന്ത്യൻ സിവിൽ ഏവിയേഷൻ സെക്രട്ടറിയുമായി അടിയന്തിര ചർച്ച നടത്തി ഏതാനും ദിവസങ്ങൾക്കകം അനുകൂല നടപടികൾ ആരംഭിക്കാൻ ശ്രമങ്ങൾ നടത്തുമെന്നാണ് മന്ത്രി അറിയിച്ചത്.

റൺവേ പൂർത്തിയാക്കിയെങ്കിലും എമിറേറ്റ്സ് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകിയതിനാലാണ് കരിപ്പൂർ സർവീസ് പുനരാരംഭിക്കാൻ തടസമായത്. കേരളത്തിലേക്ക് അധിക സീറ്റുകൾ ലഭിക്കുന്നത് പ്രവാസികളുടെ യാത്രാദുരിതത്തിന് കുറവുവരുത്തുവാനും ഇന്ത്യയും യു.എ.ഇയും തമ്മിലെ വാണിജ്യ-സാമൂഹിക ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഏറെ സഹായകമാകുമെന്ന് വ്യവസായ പ്രമുഖൻ ഡാേ. ആസാദ് മൂപ്പൻ അറിയിച്ചു.

വേനലവധി ആരംഭിക്കാനിരിക്കെ, സീറ്റുകളുടെ ലഭ്യതക്കുറവ് പ്രവാസികളെ വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ എമിറേറ്റ്സ് എയർലൈൻസ് തീരുമാനം യു.എ.ഇയിൽ നിന്ന് മലബാറിലേക്കുള്ള പ്രവാസികൾക്ക് ഏറെ ഉപകരിക്കും.