LiveTV

Live

UAE

അജ്മാന്‍ അണുബാധ; ജലസംഭരണിയില്‍ മാലിന്യം കലര്‍ന്നുണ്ടായ അപകടമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു

അജ്മാന്‍ ഹൊറൈസന്‍ ടവറിന്റെ ജലസംഭരണിയില്‍ മാലിന്യം കലര്‍ന്ന് 80 കുട്ടികളടക്കം 190 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയത്

അജ്മാന്‍ അണുബാധ; ജലസംഭരണിയില്‍ മാലിന്യം കലര്‍ന്നുണ്ടായ അപകടമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു

അജ്മാനില്‍ വെള്ളത്തില്‍ മാലിന്യം കലര്‍ന്ന് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ കൂട്ടത്തോടെ ആശുപത്രിയിലായ സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിക്കൊരുങ്ങുന്നു. മാലിന്യം ഒഴുക്കിവിടുന്ന പൈപ്പില്‍ നിന്നുള്ള വെള്ളം ചോര്‍ന്ന് സമുച്ചയത്തിന്റെ ഭൂഗര്‍ഭ ജലസംഭരണിയില്‍ കലര്‍ന്നതാണ് പ്രശ്നത്തിന് കാരണമെന്ന് അജ്മാന്‍ മുനിസിപ്പാലിറ്റി കണ്ടെത്തി. മീഡിയവണാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

അജ്മാന്‍ ഹൊറൈസന്‍ ടവറിന്റെ ജലസംഭരണിയില്‍ മാലിന്യം കലര്‍ന്ന് 80 കുട്ടികളടക്കം 190 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയത്. ആശുപത്രികളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് സീവറേജ് പൈപ്പിലെ വെള്ളം ചോര്‍ന്ന് നാല് ഭൂര്‍ഗജലസംഭരണികളില്‍ ഒന്നില്‍ കലര്‍ന്നിരുന്നു എന്ന് വ്യക്തമായത്. ഇക്കാര്യം താമസക്കാര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

മാലിന്യം കലരുന്നത് ഒഴിവാക്കി ജലസംഭരണി അണുവിമുക്തമാക്കുന്ന നടപടി പുരോഗമിക്കുകയാണ്. അതേസമയം മലയാളി ദമ്പതികളുടെ നവജാത ശിശു അടക്കം നിരവധി പേര്‍ ഇപ്പോഴും അണുബാധയേറ്റ് ആശുപത്രിയിലുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാനും അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് ആല്‍ നുഐമി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരിച്ചു. ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ പ്രശ്നങ്ങനങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെ അജ്മാന്‍ പൊലീസിനെയും സമീപിച്ചിരുന്നു.