LiveTV

Live

UAE

സന്ദര്‍ശക വിസ തട്ടിപ്പ്; നൂറിലേറെ മലയാളികള്‍ അജ്മാനില്‍ ദുരിതത്തില്‍

ഇരുപതിനായിരം രൂപ പോലും ചെലവില്ലാത്ത സന്ദര്‍ശകവിസയിലാണ് തൊഴില്‍ വിസയുടെ പേരില്‍ ലക്ഷങ്ങള്‍ വാങ്ങി യുവാക്കളെ ഗള്‍ഫിലേക്ക് കയറ്റിവിടുന്നത്.

സന്ദര്‍ശക വിസ തട്ടിപ്പ്; നൂറിലേറെ മലയാളികള്‍ അജ്മാനില്‍ ദുരിതത്തില്‍

ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ സന്ദര്‍ശക വിസയില്‍ ഗള്‍ഫിലെത്തിച്ച് വീണ്ടും തട്ടിപ്പ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് യു.എ.ഇയിലെത്തിയ നിരവധി പേര്‍ അജ്മാനില്‍ ദുരിതത്തില്‍ കഴിയുന്നു. വിസക്കായി വന്‍തുകയാണ് ഏജന്റുമാര്‍ ഇവരില്‍ നിന്ന് ഈടാക്കിയിരിക്കുന്നത്. ഗള്‍ഫിലെത്തി മാസങ്ങള്‍ പിന്നിടുമ്പോഴും ഇവര്‍ക്ക് ജോലി ലഭിച്ചിട്ടില്ല. അജ്മാനില്‍ മാത്രം പലയിടങ്ങളിലായി നൂറുകണക്കിന് പേര്‍ ഇത്തരത്തില്‍ കുടുങ്ങി കിടപ്പുണ്ട്.

പെരിന്തല്‍മണ്ണയിലെ കാലിക്കറ്റ് ട്രാവല്‍സ്, അടൂരിലെ അടൂര്‍ ജോബ്‌സ്, വണ്ടൂരിലെ ബിസ്മി ട്രാവല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപവരെ വിസക്കായി നല്‍കിയാണ് ഇവരില്‍ പലരും യു.എ.ഇയിലെത്തിയത്. നേരത്തെ ഇത്തരം തട്ടിപ്പ് നടത്തിയ ഷാജഹാന്‍, നൗഷാദ്, ജയപ്രകാശ്, മുജീബ് തുടങ്ങിയവരാണ് ഇവരുടെ യു.എ.ഇ ഏജന്റുമാരെന്ന് ഇവര്‍ പറയുന്നു.

നിലവില്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് തെരുവില്‍ ഇറങ്ങേണ്ട അവസ്ഥയിലാണ് തൊഴില്‍തേടി വന്ന ഈ യുവാക്കള്‍. ഇരുപതിനായിരം രൂപ പോലും ചെലവില്ലാത്ത സന്ദര്‍ശകവിസയിലാണ് തൊഴില്‍ വിസയുടെ പേരില്‍ ലക്ഷങ്ങള്‍ വാങ്ങി യുവാക്കളെ ഗള്‍ഫിലേക്ക് കയറ്റിവിടുന്നത്. നിരന്തരം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നാട്ടില്‍ നിന്നും ആളുകള്‍ കയറിവരുന്നു.