LiveTV

Live

UAE

ഇറാന്‍ സംഘര്‍ഷം; യു.എസ്-യു.എ.ഇ പ്രതിരോധ കരാറിന് പച്ചക്കൊടി

കരാർ ഇരു രാജ്യങ്ങൾക്കുമിടയിലെ സൈനിക ഏകോപനവും അടിയന്തര ഘട്ടങ്ങളിലെ രാഷ്ട്രീയ - സാമ്പത്തിക പങ്കാളിത്തവും ശക്തിപ്പെടുത്തും

ഇറാന്‍ സംഘര്‍ഷം; യു.എസ്-യു.എ.ഇ പ്രതിരോധ കരാറിന് പച്ചക്കൊടി

ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ യു.എ.ഇയും യു.എസും തമ്മിലുള്ള പ്രതിരോധ കരാർ നടപ്പാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഈ വർഷാദ്യം തന്നെ ഒപ്പുവെച്ചിരുന്നെങ്കിലും കരാർ നടപ്പാക്കൽ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത് ഇപ്പോൾ മാത്രമാണ്.

കരാർ ഇരു രാജ്യങ്ങൾക്കുമിടയിലെ സൈനിക ഏകോപനവും അടിയന്തര ഘട്ടങ്ങളിലെ രാഷ്ട്രീയ - സാമ്പത്തിക പങ്കാളിത്തവും ശക്തിപ്പെടുത്തും.
സെെനികമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാനും കരാർ വ്യവസ്ഥ ചെയ്യുന്നതായി യു.എ.ഇ വാർത്താ ഏജൻസി 'വാം' റിപ്പോർട്ട് ചെയ്തു.

അബൂദബി സന്ദർശിച്ച യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ കഴിഞ്ഞ ദിവസം ഇറാനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഫുജൈറയിൽ മേയ് ആദ്യം നാല് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻെറ കരങ്ങളാണെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ഇറാൻെറ പിന്തുണയിൽ നടക്കുന്ന ഡ്രോൺ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തിരുന്നു.

മേയ് 12ന് ഫുജൈറയുടെ കിഴക്കൻ തീരത്താണ് നാല് വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ഹോർമുസ് കടലിടുക്കിന് സമീപം യു.എ.ഇ സമുദ്രപരിധിയിലാണ് അട്ടിമറിശ്രമം നടന്നത്.

അതേസമയം, സംഭവത്തിലെ അന്വേഷണ ഫലം പുറത്തുവന്നതിന് ശേഷം ആക്രമണത്തിന് പിന്നിലുള്ള രാജ്യത്തെ അപലപിക്കാമെന്നാണ് യു.എ.ഇയുടെ തീരുമാനം. അന്വേഷണത്തിൽ യു.എസ് വിദഗ്ധരും യു.എ.ഇയെ സഹായിക്കുന്നുണ്ട്. യു.എ.ഇ ഉൾപ്പെടെ ഗൾഫ്
രാജ്യങ്ങൾക്ക് കൂടുതൽ ആയുധങ്ങൾ കൈമാറാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.