LiveTV

Live

UAE

എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ അട്ടിമറി; യു.എ.ഇയും സൗദിയും യു.എൻ രക്ഷാസമിതിക്ക് പരാതി നൽകി

എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ അട്ടിമറി;  യു.എ.ഇയും സൗദിയും യു.എൻ രക്ഷാസമിതിക്ക് പരാതി നൽകി

ഫുജൈറ തീരത്തു എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ അട്ടിമറി നീക്കത്തിൽ യു.എ.ഇയും സൗദിയും യുഎൻ രക്ഷാസമിതിക്കു പരാതി നൽകി. ആഗോള എണ്ണമേഖലയ്ക്കു ഇത്തരം ആക്രമണങ്ങള്‍ ഭീഷണിയാണെന്ന് പരാതിയിൽ ഇരു രാജ്യങ്ങളും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നാല് കപ്പലുകൾക്കു നേരെ നടന്ന അട്ടിമറി നീക്കം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ഇതിനിടയിലാണ് സൗദി അറേബ്യ, നോർവേ എന്നീ രാജ്യങ്ങളും കൂടി ഒപ്പിട്ട പരാതി യു.എൻ രക്ഷാസമിതിക്കും സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസിനും കൈമാറിയത്. രാജ്യാന്തര സമുദ്രഗതാഗത സുരക്ഷയ്ക്കും കപ്പൽ ജീവനക്കാരുടെ ജീവനും ഭീഷണിയാണ്
ഇത്തരം ആക്രമണങ്ങൾ. അതിനു പുറമെ ആക്രമണം പരിസ്ഥിതി ദുരന്തസാധ്യത വർധിപ്പിക്കുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു.

ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനു യുഎസിന്റെയും ഫ്രാൻസിന്റേയും സഹായം ലഭിക്കുന്നുണ്ട്. അന്വേഷണം അടുത്തദിവസങ്ങളിൽ പൂർത്തിയാകുമെന്ന്
വിദേശകാര്യമന്ത്രി അൻവർ ഗർഗാഷ് അറിയിച്ചു. കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലാരെന്നു ഇപ്പോൾ പറയാനാകില്ലെന്നാണ് യു.എ.ഇ മന്ത്രി വ്യക്തമാക്കിയത്.