LiveTV

Live

UAE

തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളില്‍ കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കണമെന്ന് യു.എ.ഇ

ബസുകളിൽ വാർഷിക പരിശോധന നടത്തി നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തും

തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളില്‍ കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കണമെന്ന് യു.എ.ഇ

യു.എ.ഇയില്‍ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സര്‍ക്കാറിന്റെ നിര്‍ദേശം. വൈഫൈ കണക്ഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബസില്‍ വേണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കി. ഇത് നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാന്‍ ബസുകളില്‍ വാര്‍ഷിക പരിശോധനയും നിര്‍ബന്ധമാക്കും.

യു.എ.ഇ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശപ്രകാരം തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളില്‍ ശീതീകരണ സംവിധാനം വേണം. വൈഫൈ കണക്ഷന് പുറമെ തണുത്ത വെള്ളം ലഭ്യമാക്കുന്ന റഫ്രിജറേറ്ററുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ്, ആധുനിക സുരക്ഷ സംവിധാനങ്ങൾ എന്നിവ ഉണ്ടായിരിക്കണം. മുഴുവന്‍ എമിറേറ്റുകളിലെയും തൊഴിലാളി ബസുള്‍ പുതിയ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ബസുകളിൽ വാർഷിക പരിശോധന നടത്തി നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മെക്കാനിക്സ് ഡ്രൈവേഴ്സ് ലൈസൻസിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് അൽ ശംസി പറഞ്ഞു.

ബസുകൾക്ക് ഏകീകൃത നിറം കൊണ്ടുവരും. ലോഗോ, സ്ഥാപനത്തിൻെറ പേര്, വേഗ നിയന്ത്രണ സ്റ്റിക്കർ, പരാതികളുണ്ടെങ്കില്‍ സ്ഥാപനത്തെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ബസിൽ പതിക്കണം നിര്‍ദേശത്തില്‍ പറയുന്നു.