LiveTV

Live

UAE

യു.എ.ഇയുടെ ദീര്‍ഘകാല വിസ പദ്ധതിക്ക് മികച്ച പ്രതികരണം; ലഭിച്ചത് നിരവധി അപേക്ഷകള്‍  

വിസ അനുവദിക്കുന്നത് വിദഗ്ധതൊഴിലാളികള്‍ക്കും നിക്ഷേപകര്‍ക്കും  

യു.എ.ഇയുടെ ദീര്‍ഘകാല വിസ പദ്ധതിക്ക് മികച്ച പ്രതികരണം; ലഭിച്ചത് നിരവധി അപേക്ഷകള്‍  

യു.എ.ഇയിൽ ദീർഘകാല വിസ അപേക്ഷകൾ സ്വീകരിക്കാനുള്ള നടപടിക്ക് മികച്ച പ്രതികരണം. വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്കാണ് ഉപാധികളുടെ അടിസ്ഥാനത്തിൽ ദീർഘകാല വിസ അനുവദിക്കുന്നത്.

ഗൾഫ് മേഖലയിൽ ഇതാദ്യമായാണ് വിദഗ്ധ തൊഴിൽ മേഖലകളിലുള്ളവർക്ക് ദീർഘകാല വിസ അനുവദിക്കാനുള്ള തീരുമാനം. നിക്ഷേപകർ, സ്വയം സംരംഭകർ, നവീന ആശയം കൊണ്ടുവരുന്നവർ, ഡോക്ടർ, ഗവേഷകർ തുടങ്ങി വിവിധ മേഖലകളിലെ അതിവിദഗ്ധർ, ഉന്നതനിലവാരം പുലർത്തുന്ന വിദ്യാർഥികൾ എന്നിവർക്കാണ് ദീർഘകാല വിസ. സ്പോൺസറില്ലാതെ തന്നെ വിസ ലഭിക്കുമെന്നു വന്നതോടെ നിരവധി അപേക്ഷകളാണ് അധികൃതർക്ക് ലഭിച്ചത്. താമസ കുടിയേറ്റ നിയമത്തിൽ ഭേദഗതി വരുത്തിയാണ് വിസ അനുവദിക്കുന്നത്. പോയ വർഷമാണ് മന്ത്രിസഭ ഇതു സംബന്ധിച്ച സുപ്രധാന നിയമനിർമാണം കൊണ്ടുവന്നത്.

ജീവിത പങ്കാളി, മക്കൾ, കമ്പനിയിലെ ഒരു എക്സിക്യൂട്ടീവ് ഡയറക്ടർ, ഉപദേശകൻ എന്നിവർക്ക് 10 വർഷത്തെ വിസ ലഭിക്കും. ഇവർക്ക്
തുടക്കത്തിൽ മൾട്ടിപ്പിൾ എൻട്രി വീസയും നൽകും. ഗവേഷകർ, ശാസ്ത്രജ്ഞർ, ഡോക്ടർ, നൂതന ആശയമുള്ളവർ, കലാസാംസ്കാരിക രംഗത്തെ പ്രഗത്ഭർ എന്നീ വിഭാഗങ്ങളിൽ പെട്ടവരും അപേക്ഷ സമർപ്പിച്ചവരിൽ ഉൾപ്പെടും. 5 ലക്ഷം ദിർഹത്തിൽ കുറയാത്ത തുകയ്ക്കുള്ള സ്വയം സംരംഭം ഉള്ളവർക്കും ദീർഘകാല വിസ ലഭിക്കും.