LiveTV

Live

UAE

രചന പൂര്‍ത്തിയായി; യു.എ.ഇയുടെ ആദ്യ ഓപ്റ അണിയറയില്‍ ഒരുങ്ങുന്നു

4000 വര്‍ഷം മുന്‍പത്തെ ചരിത്രം മുതല്‍ ആധുനിക യു.എ.ഇയുടെ കഥ വരെ പറയുന്ന ഓപ്റയില്‍ പ്രവാസികളുടെ കഥയും കടന്നുവരും

രചന പൂര്‍ത്തിയായി; യു.എ.ഇയുടെ ആദ്യ ഓപ്റ അണിയറയില്‍ ഒരുങ്ങുന്നു

യു.എ.ഇയുടെ ആദ്യ ഓപ്റ അണിയറയില്‍ ഒരുങ്ങുന്നു. എക്സ്പോ ട്വന്റി ട്വന്റി പ്രദര്‍ശനത്തിന്റെ ഭാഗമായി അടുത്ത വര്‍ഷം ആദ്യം എമിറാത്തി സംഗീതനാടകം വേദിയിലെത്തും. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓപ്റയുടെ രചന പൂര്‍ത്തിയായതായി എക്സ്പോ ട്വന്റി ട്വന്റി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

'അല്‍ വാസല്‍' എന്നാണ് ആദ്യ ഇമറാത്തി ഓപ്റക്ക് പേരിട്ടിരിക്കുന്നത്. എക്സപോ 2020ന്റെ ഭാഗമായി അടുത്തവര്‍ഷം ഒക്ടോബര്‍ 20ന് ദുബൈ ഓപ്റയില്‍ സംഗീത നാടകം അരങ്ങേറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം കലാകാരന്‍മാരും സംഗീതഞ്ജരും 70 സാങ്കേതിക വിദഗ്ധരും അണിനിരക്കും.

4000 വര്‍ഷം മുന്‍പത്തെ ചരിത്രം മുതല്‍ ആധുനിക യു.എ.ഇയുടെ കഥ വരെ പറയുന്ന ഓപ്റയില്‍ പ്രവാസികളുടെ കഥയും കടന്നുവരുമെന്ന് കമ്പോസര്‍ മുഹമ്മദ് ഫൈറൂസി പറഞ്ഞു. മഹ ഗര്‍ഗാഷാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പേ ഹിന്ദി, ഉറുദു, മണ്ടാരിന്‍ ഭാഷകളും ഇതിലുണ്ടാകും.

ഇന്ത്യന്‍ കലാകാരന്‍മാര്‍ ഓപ്പേറയിലുണ്ടാകും. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഗീത നാടകത്തിന് മൂന്ന് രംഗങ്ങളുണ്ട്. യു.എ.ഇ അന്താരാഷ്ട്ര സഹകരണവകുപ്പ് സഹമന്ത്രി റീം അല്‍ ഹാഷ്മിയുടെ നിര്‍ദേശപ്രകാരം രണ്ടര വര്‍ഷം മുന്‍പേ ഇതിന്റെ രചന ആരംഭിച്ചിരുന്നുവെന്ന് മഹ അല്‍ ഗര്‍ഗാഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.