LiveTV

Live

UAE

നിര്‍ത്തി വെച്ച ദുബെെ മെട്രോ സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു

ദുബൈ മെട്രോ റെഡ് ലൈനിലെ ഡി.എം.സി.സിയിൽ നിന്ന് ഇബ്നു ബത്തൂത്ത സ്റ്റേഷനിലേക്ക് പോകുവാൻ ഇനി മുതൽ സൗജന്യ ഷട്ടിൽ ബസ് സേവനം വേണ്ടി വരില്ല

നിര്‍ത്തി വെച്ച ദുബെെ മെട്രോ സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു

റൂട്ട് 2020 പദ്ധതി നിർമാണ പ്രവർത്തനങ്ങളുടെ സൗകര്യാർഥം രണ്ടു സ്റ്റേഷനുകളൾക്കിടയിൽ താൽകാലികമായി നിർത്തി വെച്ച സേവനം ദുബൈ മെട്രോ പുനസ്ഥാപിക്കുന്നു. ഏപ്രിൽ 19 മുതൽ രണ്ടിടങ്ങളിലും മെട്രോ സേവനം പുനരാരംഭിക്കും.

ദുബൈ മെട്രോ റെഡ് ലൈനിലെ ഡി.എം.സി.സിയിൽ നിന്ന് ഇബ്നു ബത്തൂത്ത സ്റ്റേഷനിലേക്ക് പോകുവാൻ ഇനി മുതൽ സൗജന്യ ഷട്ടിൽ ബസ് സേവനം വേണ്ടി വരില്ല. 2018 ജനുവരി അഞ്ചു മുതൽ ഈ സ്റ്റേഷനുകൾക്കിടയിൽ മെട്രോ ഓട്ടം നിർത്തിവെച്ചിരിക്കുകയായിരുന്നു.

ഇബ്നു ബത്തൂത്ത സ്റ്റോപ്പിനു ശേഷമുള്ള സ്റ്റേഷനുകളിലേക്ക് പോകേണ്ട യാത്രക്കാർ ഡി.എം.സി.സിയിൽ ഇറങ്ങേണ്ട സാഹചര്യമായിരുന്നു. ഇവിടെ നിർത്തിയിരുന്ന ആർ.ടി.എയുടെ ബസിൽ കയറി ഇബ്നു ബത്തൂത്തയിൽ എത്തി മെട്രോ യാത്ര പുനരാരംഭിക്കേണ്ട അവസ്ഥക്കാണ് മാറ്റം വരുന്നത്. രണ്ടു കേന്ദ്രങ്ങൾക്കിടയിലെ നഖീൽ ഹാർബർ ആൻറ് ടവർ സ്റ്റേഷനും പാർക്കിങ് കേന്ദ്രവും പൂർണമായി അടച്ചിട്ടിരിക്കുകയായിരുന്നു.

പൊതുഗതാഗത സംവിധാനം കൂടുതൽ സുഗമം ആക്കുവാൻ ആവശ്യമായ എല്ലാ നീക്കങ്ങളും ആർ.ടി.എ നടത്തിവരികയാണെന്ന് റെയിൽ വിഭാഗം ഡയറക്ടർ മുഹമ്മദ് യൂസുഫ് അൽ മുദാറിബ് പറഞ്ഞു.