LiveTV

Live

UAE

പ്രധാനമന്ത്രിക്ക് പുരസ്കാരം നല്‍കാനുള്ള യു.എ.ഇ തീരുമാനത്തെ സ്വാഗതം ചെയ്ത് വ്യവസായ പ്രമുഖര്‍

പ്രധാനമന്ത്രിക്ക്  പുരസ്കാരം നല്‍കാനുള്ള യു.എ.ഇ തീരുമാനത്തെ സ്വാഗതം ചെയ്ത് വ്യവസായ പ്രമുഖര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സായിദ് പുരസ്കാരം നല്‍കാനുളള യു.എ.ഇ തീരുമാനത്തെ സ്വാഗതം ചെയ്ത് വ്യവസായ പ്രമുഖര്‍. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതൽ തലങ്ങളിലേക്ക് വ്യാപിക്കുന്നത്
മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾക്കും ഇത് വഴിയൊരുക്കും. ചരിത്രത്തിലെ ഏറ്റവും മികച്ച ബന്ധം രൂപപ്പെടുത്താൻ യു.എ.ഇക്കും ഇന്ത്യക്കും സാധിച്ചത് ചെറിയ നേട്ടമല്ല. ഗൾഫ് മേഖലയുമായി അടുത്ത ബന്ധം രൂപപ്പെടുത്താൻ കേന്ദ്രം സ്വീകരിച്ച നടപടികൾ എല്ലാ തുറകളിലും വലിയ മാറ്റം കൊണ്ടു വരുമെന്ന് എം.എ യൂസുഫലി ഉൾപ്പെടെ പ്രവാസി വ്യവസായികൾ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലേക്ക് നടത്തിയ രണ്ട് സന്ദർശനങ്ങളിലും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യയിലേക്ക് നടത്തിയ സന്ദർശനത്തിലുമായി ഒപ്പുവെച്ചത് 36ഓളം കരാറുകളാണ്.

ഇന്ദിരാഗാന്ധി സന്ദർശനം നടത്തി 36 വർഷങ്ങൾക്ക് ശേഷം 2015ൽ മോദി നടത്തിയ യു.എ.ഇ സന്ദർശനത്തിൽ മാത്രം 14 കരാറുകളാണ് ഒപ്പുവെച്ചത്. 2017 ൽ ഇന്ത്യൻ റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ മുഹമ്മദ് ബിൻ സായിദ് ന്യൂഡൽഹിയിലെത്തിയപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ 14 കരാറുകളിലും ഒപ്പുവെച്ചു. 2016ൽ 17 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതും ചരിത്രം.

2018 ഫെബ്രുവരിയിൽ മോദി നടത്തിയ യു.എ.ഇ സന്ദർശനത്തിൽ ഊര്‍ജ്ജം, റെയിൽവേ, മാനവവിഭവശേഷി, ധനകാര്യ സേവനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട സുപ്രധാനമായ അഞ്ച് കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.

അബൂദബി നാഷണല്‍ ഓയില്‍ കമ്പനിയുമായി ചരിത്രപരമായ കരാറിലാണ് ഓയില്‍ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കമ്പനികളുടെ കൺസോർട്യം ഒപ്പിട്ടത് . ഊര്‍ജ്ജപ്രതിസന്ധി മറികടക്കുന്നതിൽ കരാറുകൾ നിർണായക വഴിത്തിരിവാകുകയും ചെയ്തു.