LiveTV

Live

UAE

അബൂദബിയിൽ എണ്ണ പര്യവേക്ഷണത്തിന് ഇന്ത്യൻ കമ്പനികളുടെ കൺസോർഷ്യത്തിന് അനുമതി

അബൂദബിയിൽ എണ്ണ പര്യവേക്ഷണത്തിന് ഇന്ത്യൻ കമ്പനികളുടെ കൺസോർഷ്യത്തിന് അനുമതി

രണ്ട് ഇന്ത്യൻ കമ്പനികളുടെ കൺസോർഷ്യത്തിന് അബൂദബിയിൽ എണ്ണ പര്യവേക്ഷണത്തിന് അനുമതി. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയില്‍ കോർപറേഷൻ ലിമിറ്റഡ് എന്നിവയുടെ കൺസോർഷ്യത്തിനാണ് അബൂദബി ഓണ്‍ഷോർ ബ്ലോക്ക് ഒന്നിൽ പര്യവേക്ഷണം നടത്താൻ അനുമതി ലഭിച്ചത്.

ബ്ലോക്ക് ഒന്നിൽ എണ്ണ-വാതക പര്യവേക്ഷണ ഘട്ടത്തിൽ 100 ശതമാനം ഓഹരിയും കൺസോർഷ്യത്തിനായിരിക്കും. 62.6 കോടി ദിർഹമാണ് കൺസോർഷ്യം പദ്ധതിയിൽ നിക്ഷേപിക്കുന്നത്. പര്യവേക്ഷണം വിജയകരമായാൽ ഉൽപാദനത്തിനുള്ള അനുമതി കൺസോർഷ്യത്തിന് ലഭിക്കും. ഉൽപാദന ഘട്ടത്തിൽ 60 ശതമാനം ഓഹരി അഡ്നോകിനായിരിക്കും. 35 വർഷത്തിനാണ് കരാർ.

കരാറിൽ യു.എ.ഇ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹ്മദ് ആൽ ജാബിർ, ഭാരത് പെട്രോളിയം കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ദുരൈസ്വാമി രാജ്കുമാർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ സഞ്ജീവ് സിങ് എന്നിവർ ഒപ്പുവെച്ചു.

ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തിൽ ഊർജ സഹകരണത്തിനുള്ള സുപ്രധാന പങ്ക് വ്യക്തമാക്കുന്നതാണ് കരാറെന്ന് ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. ഓഫ്ഷോർ പദ്ധതിയിൽ അഡ്നോകും ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവ ഉൾപ്പെട്ട കൺസോർഷ്യവും നേരത്തെ തന്നെ പങ്കാളികളാണ്. ഇന്ത്യൻ കൺസോർഷ്യത്തിന് നൽകിയ ബ്ലോക്ക് ഒന്നിൽ പരമ്പരാഗത എണ്ണ-വാതക ഉൽപാദന അവസരമായിരിക്കും ലക്ഷ്യം വെക്കുക.