LiveTV

Live

UAE

ഒരാഴ്ച്ച നീണ്ടുനിന്ന മനക്കരുത്തിന്റെ മഹാമേളക്ക് പരിസമാപ്തി; 2021ലെ സ്പെഷൽ ഒളിമ്പിക്സ് അരങ്ങേറുക സ്വീഡനിൽ

ഒരാഴ്ച്ച നീണ്ടുനിന്ന മനക്കരുത്തിന്റെ മഹാമേളക്ക് പരിസമാപ്തി; 2021ലെ സ്പെഷൽ ഒളിമ്പിക്സ്  അരങ്ങേറുക  സ്വീഡനിൽ

ഒരാഴ്ച്ച നീണ്ടുനിന്ന മനക്കരുത്തിന്റെ മഹാമേളക്ക് പരിസമാപ്തി. വ്യാഴാഴ്ച രാത്രി സായിദ് സ്പോർട്സ് സിറ്റിയിൽ നടന്ന വർണശബളമായ പരിപാടിയോടെയാണ് സ്പെഷ്യല്‍ ഒളിന്പിക്സ് സമാപിച്ചത്. 200ഓളം രാജ്യങ്ങളിൽ നിന്നുള്ള ടീമുകളൂടെ പരേഡും സംഗീത പരിപാടിയും ചടങ്ങിന് മാറ്റുകൂട്ടി.

സ്പെഷൽ ഒളിമ്പിക്സ് ദീപശിഖ അണഞ്ഞതോടെ കായികമേളയുടെ ബാറ്റൺ യു.എ.ഇ സ്വീഡന് കൈമാറി. 2021ലെ സ്പെഷൽ ഒളിമ്പിക്സ് വിൻറർ ഗെയിംസ് അരങ്ങേറുന്നത് ഇനി സ്വീഡനിൽ. ടോട്ടൽ മെഡൽ സംവിധാനമനുസരിച്ച് ഇന്ത്യ 368 മെഡലുകൾ നേടിയിട്ടുണ്ട്. 85 സ്വർണവും 154 വെള്ളിയും 129 വെങ്കലവുമാണ് ഇന്ത്യയുടെ മെഡൽ പട്ടികയിലുള്ളത്. ഇന്ത്യൻ ടീമിന്റെ റെക്കോർഡ് മെഡൽ നേട്ടമാണിത്. അതേസമയം, ഏതു രാജ്യമാണ് മെഡൽ പട്ടികയിൽ മുന്നിലെന്ന് സ്പെഷൽ ഒളിമ്പിക്സ് കമ്മിറ്റി വ്യക്തമാക്കിയില്ല. കമ്മിറ്റി മെഡൽ പട്ടിക സൂക്ഷിക്കാറില്ലെന്നും രാജ്യങ്ങൾ തമ്മിലെ താരതമ്യം നടത്താറില്ലെന്നും സ്പെഷൽ ഒളിമ്പിക്സ് ഇൻറർനാഷനൽ ചെയർമാൻ ഡോ. തിമോത്തി ഷ്റീവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭാരോദ്വഹനത്തിലാണ് ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയിട്ടുള്ളത്. 20 സ്വർണവും 33 വെള്ളിയും 43 വെങ്കലവുമടക്കം 96 മെഡലുകളാണ് ഈയിനത്തിൽ കിട്ടിയത്. റോളർ സ്കേറ്റിങ്, സൈക്ലിങ് , അത്ലറ്റിക്സ് , അക്വാട്ടിക്സ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച മറ്റു ഇനങ്ങൾ.

സമാപന ചടങ്ങും ആവേശകരമാക്കി മാറ്റാൻ യു.എ.ഇക്കായി. സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിന്റെ സമാപന ചടങ്ങിലേക്കുള്ള പ്രവേശനം പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സൗജന്യമാക്കി. നേരത്തെ 60 ദിർഹമായിരുന്നു ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നത്. ടിക്കറ്റ് എടുത്തവർക്ക് തുക തിരിച്ചു നൽകുമെന്ന് സംഘാടകർ അറിയിച്ചു.