LiveTV

Live

UAE

അബൂദബി എമിറേറ്റില്‍ വാഹനാപകട മരണങ്ങള്‍ കുറഞ്ഞതായി റിപ്പോർട്ട് 

2018ൽ മുൻ വർഷത്തെ അപേക്ഷിച്ച് മരണത്തിൽ 25.13 ശതമാനത്തിന്റെ കുറവാണുള്ളത്.

അബൂദബി എമിറേറ്റില്‍  വാഹനാപകട മരണങ്ങള്‍ കുറഞ്ഞതായി റിപ്പോർട്ട് 

അബൂദബി എമിറേറ്റില്‍ വാഹനാപകട മരണങ്ങളും ഗുരുതര പരിക്കുകളും ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. 2018ൽ മുൻ വർഷത്തെ അപേക്ഷിച്ച് മരണത്തിൽ 25.13 ശതമാനത്തിന്റെ കുറവാണുള്ളത്. അബൂദബി പൊലീസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 2018ൽ 149 പേരാണ് അപകടങ്ങളിൽ മരണപ്പെട്ടത്. തൊട്ടു മുൻവർഷം199 പേരായിരുന്നു. വാഹനം ദേഹത്തിടിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ 38 ശതമാനവും കുറവുണ്ടായി. പോയ വർഷം വാഹനാപകടങ്ങളിൽ ഗുരുതര പരിക്കേൽക്കുന്നവരുടെ എണ്ണം 21.46 ശതമാനവും കുറഞ്ഞു.

2016-2020 ഗതാഗത സുരക്ഷാ നയം കാരണമാണ് വാഹനാപകട മരണങ്ങളും പരിക്കുകളും വലിയ തോതിൽ കുറഞ്ഞതെന്ന് അബൂദബി പൊലീസ് സെൻട്രൽ ഓപറേഷൻസ് സെക്ടർ ഡയറക്ടർ മേജർ ജനറൽ അലി ഖൽഫാൻ ആൽ ദാഹിരി പറഞ്ഞു. ഗതാഗത വകുപ്പ്, നഗരസഭ-ആസൂത്രണ വകുപ്പ്, ആരോഗ്യ വകുപ്പ്, വൈജ്ഞാനിക വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ഗതാഗത സുരക്ഷ നയം നടപ്പാക്കുന്നത്.

ഗതാഗത സുരക്ഷ, ആംബുലൻസ്- രക്ഷാദൗത്യ സേവനങ്ങൾ, പൊലീസ് ഏവിയേഷൻ, ദുരന്തനിവാരണ പ്രവർത്തനം തുടങ്ങിയ പ്രധാന മേഖലകളിൽ ഏകീകൃത മാനദണ്ഡം സ്വീകരിച്ചാണ് അബൂദബി പൊലീസ് നേട്ടം കൈവരിച്ചതെന്നും ഗതാഗത പട്രോൾ ഡയറക്ടറേറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അലി ഖൽഫാൻ പറഞ്ഞു. അബൂദബി പൊലീസിന്റെ കമാൻഡ് കൺട്രോൾ സെന്ററുകളിലെത്തിയ അപകട ദുരന്ത റിപ്പോർട്ടുകളുടെ എണ്ണത്തിൽ വർധനയുണ്ട്.

പൊലീസ് എയർ ആബുലൻസ് മുഖേന 1523 രക്ഷാദൗത്യങ്ങളാണ് നടത്തിയത്. ഇതിൽ 24 എണ്ണം വാഹനാപകടവുമായി ബന്ധപ്പെട്ടായിരുന്നു. 40രോഗികളെ ഹെലികോപ്ടറിൽ ആശുപത്രികളിലെത്തിച്ചതായും അധികൃതര്‍ വിശദീകരിച്ചു.