LiveTV

Live

UAE

പാറയിലിടിച്ച്​ തകർന്ന കപ്പലിലെ ഇന്ത്യന്‍ നാവികര്‍ക്ക് തുണയായി ദുബൈ പൊലീസ്

പാറയിലിടിച്ച്​ തകർന്ന കപ്പലിലെ ഇന്ത്യന്‍ നാവികര്‍ക്ക് തുണയായി ദുബൈ പൊലീസ്

പാറയിലിടിച്ച്​ തകർന്ന കപ്പലിൽനിന്ന്​ 14 ഇന്ത്യൻ നാവികരെ ദുബൈ പൊലീസ്​ രക്ഷിച്ചു. ബുധനാഴ്​ച രാവിലെ 6.15 ഓടെയാണ്​ പൊലീസ്​ ഓപ്പറേഷന്‍സ് റൂമിൽ അപകടം സംബന്ധിച്ച വിവരം എത്തിയത്​. ഉടൻ കടൽ, ആകാശ മാ​ർഗങ്ങളിലൂടെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

അര മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യത്തിലൂടെയാണ്​ പൊലീസ്​ നാവികരെ രക്ഷിച്ചത്​. ശക്​തമായ കാറ്റും തിരമാലയും കാരണം 'ഖദീജ 7' എന്ന കപ്പലാണ്​ അപകടത്തിൽ പെട്ടത്​. ദേര ഐലൻഡിലെ പാറയിൽ ഇടിച്ചതിനെ തുടർന്ന്​ വെള്ളം അതിവേഗം കപ്പലിലേക്ക്​ കയറുകയായിരുന്നു. തുടർന്നാണ്​ കപ്പൽ ജീവനക്കാർ അപകട സന്ദേശമയച്ചത്​.

പൊലീസ്​ ഹെലികോപ്​ടറാണ്​ കപ്പൽ കണ്ടെത്തിയത്​. എന്നാൽ, ഉയരത്തിൽ പൊങ്ങിയ തിരമാല കാരണം രക്ഷാദൗത്യ ബോട്ടുകൾക്ക്​ കപ്പലിന്റെ സമീപം ചെല്ലാൻ സാധിച്ചില്ല. തുടർന്ന്​ കപ്പലിലേക്ക്​ കയർ എറിഞ്ഞുകൊടുത്ത്​ ഓരോരുത്തരെയായി ബോട്ടിൽ എത്തിക്കുകയായിരുന്നു.

കനത്ത കാറ്റും തിരമാലയും കാരണം കപ്പൽ പാറയിലിടിച്ച്​ തകർന്നിരുന്നതായും എൻജിൻ പ്രവർത്തനം നിലച്ചിരുന്നതായും ദുബൈ പൊലീസിലെ സമുദ്ര രക്ഷാദൗത്യ മേധാവി ലെഫ്​റ്റനൻറ്​ കേണൽ അലി ആൽ നഖ്​ബി പറഞ്ഞു. ജീവനക്കാർക്ക്​ കപ്പലിന്റെ നിയന്ത്രണം നഷ്ടമായിരുന്നതായും അദ്ദേഹം കൂട്ടി​േച്ചർത്തു. പൊലീസിന്റെ സമയോചിതമായ രക്ഷാപ്രവർത്തനത്തിന്​ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്​ നന്ദി അറിയിച്ചു.