LiveTV

Live

UAE

മീഡിയവണിന് ഇനി പുതിയ മിഡിലീസ്റ്റ് ആസ്ഥാനം

യു.എ.ഇയില്‍ സ്വന്തം ഓഫിസുള്ള മലയാളം ചാനല്‍ എന്ന അപൂര്‍വ നേട്ടവും ഇതോടെ മീഡിയവണിന് സ്വന്തമായി

മീഡിയവണിന് ഇനി പുതിയ മിഡിലീസ്റ്റ് ആസ്ഥാനം

മീഡിയവണിന് പുതിയ മിഡിലീസ്റ്റ് ആസ്ഥാനം. ദുബൈ സിലിക്കണ്‍ ഒയാസിസില്‍ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടനം ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് നിര്‍വഹിച്ചു. ഐ.ടി പ്ലാസ സമുച്ചയത്തില്‍ മീഡിയവണിന് സ്വന്തമായുള്ള ഓഫിസിലായിരിക്കും ഇനി മിഡിലീസ്റ്റ് ആസ്ഥാനം പ്രവര്‍ത്തിക്കുക.

യു.എ.ഇയില്‍ സ്വന്തം ഓഫിസുള്ള മലയാളം ചാനല്‍ എന്ന അപൂര്‍വ നേട്ടവും ഇതോടെ മീഡിയവണിന് സ്വന്തമായി. സിലിക്കൺ ഒയാസിസ് അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മീഡിയാവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വസ്തുതകള്‍ മുറുകെ പിടിച്ച് ജനപക്ഷത്തോട് ചേർന്നു നിൽക്കാൻ സാധിച്ചതാണ് മാധ്യമത്തിന്റെയും മീഡിയവണിന്റെയും വിജയമെന്ന് അദ്ദേഹം പറഞ്ഞു.

സാമ്രാജ്യത്വത്തിനും, വർഗീയതയും എന്നിവക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോഴും വീഴ്ചകളുണ്ടായാല്‍ തിരുത്താൻ മടിയുണ്ടാകില്ലെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ പറഞ്ഞു. ക്രിയാത്മ വിമർശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യും.

പ്രഖ്യാപിത നേരും നൻമയും ഉയർത്തി പിടിക്കുന്നതാണ് മീഡിയവണിന്റെ വിജയമെന്ന് സാബീൽ പാലസ് അഡ്മിനിസ്ട്രേറ്റർ ശംസുദ്ദീൻ ബിൻ മുഹ്‍‍യുദ്ദീൻ അഭിപ്രായപ്പെട്ടു.

അൽ അൻസാർ ഗ്രൂപ്പ് ചെയർമാൻ അദ്നാൻ മുഹമ്മദ് ബിൻ അബ്ദുല്ല, ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് മേധാവി ഡോ. കെ.പി ഹുസൈൻ, ഫ്ളോറ ഗ്രൂപ്പ് സാരഥി ഹസൻ, ഡോ. കാസിം, മീഡിയാവൺ എക്സിക്യൂട്ടീവ് ഡയറക് ടർ ടി.കെ ഫാറൂഖ് , ഡയറക്ടർമാരായ ഡോ. അഹ്മദ് , അബു അബ്ദുല്ല , എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികളായ അഡ്വ. മുഹമ്മദ് അസ്‍ലം, പി.സി മൊയ്തു എന്നിവർ സംസാരിച്ചു. മിഡിലീസ്റ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് റോഷൻ സ്വാഗതം പറഞ്ഞു. മിഡിലീസ്റ്റ് എഡിറ്റോറിയൻ ഹെഡ് എം.സി.എ നാസർ നന്ദി പറഞ്ഞു.