LiveTV

Live

UAE

യു.എ.ഇ ദേശീയ എണ്ണ കമ്പനി അഡ്നോക് കേരളത്തില്‍ നിക്ഷേപം നടത്തും

യു.എ.ഇ ദേശീയ എണ്ണ കമ്പനി അഡ്നോക് കേരളത്തില്‍ നിക്ഷേപം നടത്തും

കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സിൽ യു.എ.യുടെ ദേശീയ എണ്ണ കമ്പനിയായ 'അഡ്നോക്' നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചു. അബൂദബിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും അഡ്നോക് അധികൃതരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിലും നിക്ഷേപം നടത്തണമെന്ന് മുഖ്യമന്ത്രി അഡ്നോക്കിന് ആവശ്യപ്പെട്ടു.

അബൂദബി അഡ്നോക്ക് ആസ്ഥാനത്താണ് യു.എ.ഇ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കൊച്ചി പെട്രോ കെമിക്കല്‍സില്‍ നിക്ഷേപമിറക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെയും അഡ്നോക്കിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട കര്‍മ്മസമിതി രൂപീകരിക്കും. തുടര്‍ന്ന് അഡ്നോക്ക് സംഘം കേരളത്തിലെത്തി തുടർ നടപടികൾ സ്വീകരിക്കും. പെട്രോളിയം മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യ തങ്ങളുടെ പ്രഥമ പരിഗണനയിലാണെന്ന് സുൽത്താൻ ജാബർ പറഞ്ഞു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപം നടത്താൻ മുഖ്യമന്ത്രി അഡ്നോക്കിനോട് അഭ്യർത്ഥിച്ചു. പെട്രോളിയം മേഖലയിലെ വികസനത്തിനാവശ്യമായ സ്ഥല സൗകര്യം കൊച്ചിയിൽ ലഭ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, യൂസഫ് അലി എം.എ, അഡ്നോക് ആക്ടിങ് സി.ഇ.ഒ മുഹമ്മദ് അൽ അർയാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.