LiveTV

Live

UAE

അഞ്ചു മാസത്തെ യു.എ.ഇ പൊതുമാപ്പിന് നാളെ അവസാനം

നിയമലംഘകർക്ക് ജോലിയോ അഭയമോ നൽകുന്നവർക്ക് അര ലക്ഷം ദിർഹം വീതം പിഴ ഈടാക്കും

അഞ്ചു മാസത്തെ യു.എ.ഇ പൊതുമാപ്പിന് നാളെ അവസാനം

അഞ്ചു മാസം നീണ്ട യു.എ.ഇ പൊതുമാപ്പ് തിങ്കളാഴ്ച അവസാനിക്കും. അനധികൃത താമസക്കാരായ വിദേശികൾക്ക് തടവോ പിഴയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അനുവദിച്ച പൊതുമാപ്പ് പതിനായിരങ്ങൾക്ക് തുണയായി. എന്നാൽ ഇവരിൽ മലയാളികൾ താരതമ്യേന കുറവാണ്.

ഉത്തരേന്ത്യയിൽ നിന്നുള്ള ആയിരങ്ങൾക്ക് പൊതുമാപ്പ് തുണയായെന്ന്
ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. രേഖകൾ ശരിയാക്കി താമസം നിയമവിധേയമാക്കാൻ സാധിച്ചവർ നിരവധിയാണ്. അര ലക്ഷത്തിലേറെ പേർ പൊതുമാപ്പ് പ്രയോജനെപ്പടുത്തി നാട്ടിലേക്ക് മടങ്ങിയെന്നാണ്
വിവരം. നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധനയുണ്ടാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് അറിയിച്ചു. നിയമലംഘകർക്ക് ജോലിയോ അഭയമോ നൽകുന്നവർക്ക് അര ലക്ഷം ദിർഹം വീതം പിഴ ഈടാക്കും.

ഓഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെയായിരുന്നു തുടക്കത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ആയിരങ്ങൾക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെ വിവിധ എംബസികളുടെ ആവശ്യം പരിഗണിച്ചാണ് രണ്ടു തവണ ഓരോ മാസം വീതം പൊതുമാപ്പ്
നീട്ടിയത്.

യു.എ.ഇയിലെ ഒൻപതു കേന്ദ്രങ്ങളിലായി ഒന്നര ലക്ഷത്തോളം അപേക്ഷകരാണ് എത്തിയത്. ഇതിൽ ദുബയിലും അബുദാബിയിലുമാണ് ഏറ്റവും കൂടുതൽ അപേക്ഷകർ എത്തിച്ചേർന്നത്. പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, ആഫ്രിക്ക, ഇന്തൊനീഷ്യ, ഫിലിപ്പീൻസ് രാജ്യക്കാരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ കൂടുതൽ.