LiveTV

Live

UAE

പരിസ്ഥിതി സൗഹൃദ ഹൈബ്രീഡ് അബ്രകൾ ദുബൈയിൽ പരീക്ഷണയോട്ടം തുടങ്ങി

പരിസ്ഥിതി സൗഹൃദ ഹൈബ്രീഡ് അബ്രകൾ ദുബൈയിൽ പരീക്ഷണയോട്ടം തുടങ്ങി

പരിസ്ഥിതി സൗഹൃദപരമായ പുതിയ ഹൈബ്രീഡ് അബ്രകൾ ദുബൈയിൽ പരീക്ഷണയോട്ടം തുടങ്ങി. അൽ സീഫ് അൽ ഗുബൈബ റൂട്ടിലാണ് നിലവിൽ സർവീസ് നടത്തുന്നത്. അൽ സീഫ്, ബനിയാസ്, ദുബൈ ഓൾഡ് സൂഖ്, അൽ ഗുബൈബ എന്നീ നാല് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പാതയാണിത്.

റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറലും ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ ഉദ്ഘാടനം ചെയ്തു.

20 പേർക്ക് സഞ്ചരിക്കാവുന്ന അബ്രക്ക് രണ്ട് ദിർഹം മാത്രമാണ് ടിക്കറ്റ് നിരക്ക്. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന 20 കിലോവാട്ട് വൈദ്യുതി മേേട്ടാറാണ് ഈ അബ്രയിൽ ഘടിപ്പിച്ചിരിക്കുന്നത്. 26 ലെഡ് ക്രിസ്റ്റൽ ബാറ്ററികളില വൈദ്യൂതി സംഭരിച്ചുവെക്കും. ഇതോടൊപ്പം അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ജനറേറ്ററും ഉണ്ട്. ബാറ്റികൾ അമിതമായി ചൂടായാൽ സ്വയം പ്രവർത്തിക്കുന്ന അഗ്നിരക്ഷാ ഉപകരണങ്ങൾ ദുരന്തം ഒഴിവാക്കും.

യാത്രക്കാർക്ക് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ നിരവധി യു.എസ്.ബി. പോർട്ടുകളും ഇതിൽ സ്ഥാപിച്ചിട്ടുണ്ട്.

ശബ്ദമില്ലാതെ പ്രവർത്തിക്കുന്ന ഇവ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ച അബ്രകളെക്കാൾ 87 ശതമാനം കുറവ് കാർബൺ ബഹിർഗമനമെ നടത്തുന്നുള്ളൂ. ഇന്ധനം ഉപയോഗിക്കുന്നതിൽ 175 ശതമാനം കുറവുണ്ടെന്നും ഇന്ധന ചെലവ് 134 ശതമാനം കുറവാണെന്നും ആർ.ടി.എ. അധികൃതർ അറിയിച്ചു. സാധാരണ അബ്രകളെക്കാൾ 83 ശതമാനം പരിപാലനചെലവ് കുറച്ചു മതിയെന്ന മെച്ചവുമുണ്ട്.

പ്രതിവർഷം 1.30 കോടി യാത്രികരാണ് ദുബൈയിലെ ജലഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ 11 ജല ഗതാഗത കേന്ദ്രങ്ങൾ കൂടി നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ആർ.ടി.എ. എന്ന് അധികൃതർ അറിയിച്ചു. ഇതോടെ ആകെ കേന്ദ്രങ്ങളുടെ എണ്ണം 58 ആകും.