LiveTV

Live

UAE

യു.എ.ഇ പൊതുമാപ്പ്; നാട്ടിലേക്ക് തിരിക്കുന്നവര്‍ക്കായി ഇന്ത്യന്‍ എംബസിയുടെ ജോബ് ഫെയര്‍

പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് മാത്രമാണ് മേള. അപേക്ഷകരുടെ യോഗ്യതക്കും വൈദഗ്ധ്യത്തിനും അനുസൃതമായ തൊഴിൽ ലഭ്യമാക്കുമെന്നും ഇതിനായി സ്പോട്ട് അഭിമുഖങ്ങൾ സംഘടിപ്പിക്കുമെന്നും അതികൃതര്‍ അറിയിച്ചു

യു.എ.ഇ പൊതുമാപ്പ്; നാട്ടിലേക്ക് തിരിക്കുന്നവര്‍ക്കായി ഇന്ത്യന്‍ എംബസിയുടെ ജോബ് ഫെയര്‍

യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറു മാസത്തെ താൽക്കാലിക വിസ സമ്പാദിച്ച ഇന്ത്യക്കാരെ ജോലി കണ്ടെത്തുന്നതിന് സഹായിക്കാൻ ഇന്ത്യൻ എംബസി തൊഴിൽമേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 16ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൽ ആയിരിക്കും മേള. 15ഒാളം കമ്പനികൾ മേളയിൽ പെങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

തൊഴിൽമേളയിൽ ‘വാക് ഇൻ ഇൻറർവ്യൂ’വിൽ പങ്കെടുക്കാൻ ബയോഡാറ്റ, പാസ്പോർട്ട്, വിസ എന്നിവയുടെ പകർപ്പുകൾ തുടങ്ങിയ രേഖകളുമായി എത്തണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതും സമർപ്പിക്കാം.

രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തന്നെ തുടരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് തൊഴിൽ നൽകാൻ പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾ സന്നദ്ധത അറിയിച്ചതായി ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി ആഗസ്റ്റ് ആദ്യ വാരത്തിൽ അറിയിച്ചിരുന്നു. പൊതുമാപ്പ് പ്രാബല്യത്തിലായി ഒരാഴ്ച പിന്നിടുന്ന വേളയിൽ നടപടിക്രമങ്ങളുടെ പുരോഗതി വിശദീകരിക്കാൻ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. അപേക്ഷകരുടെ യോഗ്യതക്കും വൈദഗ്ധ്യത്തിനും അനുസൃതമായ തൊഴിൽ ലഭ്യമാക്കുമെന്നും ഇതിനായി സ്പോട്ട് അഭിമുഖങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തൊഴിൽമേളയിൽ എട്ടോളം കമ്പനികളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ടെന്ന് എെ.എസ്.സി ഭാരവാഹികൾ വ്യക്തമാക്കി. 10 മുതൽ 15 കമ്പനികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് മാത്രമാണ് മേള. സന്ദർശക വിസയിലെത്തിയോ മറ്റോ ജോലി തേടുന്നവർ മേളയിൽ പെങ്കടുക്കേണ്ടതില്ലെന്നും ഭാരവാഹികൾ പറഞ്ഞു.