LiveTV

Live

Technology

കൂ സ്വകാര്യവിവരങ്ങൾ ചോർത്തുന്നു; മുന്നറിയിപ്പുമായി ഫ്രഞ്ച് ഹാക്കർ

ട്വിറ്ററിന് ബദലായ ഇന്ത്യൻ ആപ്ലിക്കേഷൻ എന്ന നിലയിലാണ് കൂ വിന് പ്രചാരം കിട്ടിയത്

കൂ സ്വകാര്യവിവരങ്ങൾ ചോർത്തുന്നു; മുന്നറിയിപ്പുമായി ഫ്രഞ്ച് ഹാക്കർ

പാരിസ്: ഇന്ത്യൻ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന് ഫ്രഞ്ച് ഹാക്കർ എലിയറ്റ് ആൻഡേഴ്‌സൺ. കൂ ആപ്പിൽ മുപ്പത് മിനിറ്റ് നേരം ചെലവഴിച്ചുവെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ആപ്ലിക്കേഷൻ ചോർത്തുന്നുണ്ടെന്നും ആൻഡേഴ്‌സൺ ട്വിറ്ററിൽ സ്‌ക്രീൻ ഷോട്ട് സഹിതം കുറിപ്പിട്ടു.

എലിയറ്റ് ആൻഡേഴ്‌സൺ എന്ന വ്യാജപേരിൽ അറിയപ്പെടുന്ന ഹാക്കർ നേരത്തെ ആധാർ കാർഡിന്റെയും ആരോഗ്യ സേതു ആപ്ലിക്കേഷന്റെയും സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഇ-മെയിൽ വിലാസം, പേര്, ലിംഗം, വിവാഹവിവരം തുടങ്ങി തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ് കൂ ചോർത്തുന്നത് എന്ന് ആൻഡേഴ്‌സൺ പറയുന്നു. കമ്പനിയുടെ ഡൊമൈൻ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎസിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ട്വിറ്ററിന് ബദലായ ഇന്ത്യൻ ആപ്ലിക്കേഷൻ എന്ന നിലയിലാണ് കൂ വിന് പ്രചാരം കിട്ടിയത്. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെയുള്ളവർ കൂ വിൽ അക്കൗണ്ട് തുടങ്ങുകയും മറ്റുള്ളവരോട് അക്കൗണ്ട് ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററുമായി കൂ വഴിയാണ് കേന്ദ്ര ടെക്‌നോളജി മന്ത്രാലയം സംവദിച്ചിരുന്നത്.

അപരമേയ രാധാകൃഷ്ണ, മായങ്ക് ബിദവത്ക എന്നിവർ സ്ഥാപിച്ച ബോംബിനെറ്റ് ടെക്നോളജീസാണ് കൂവിന് പിന്നിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതോടെയാണ് കൂ പ്രചാരം നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.

ട്വിറ്ററിന് സമാനമായ ആപ്ലിക്കേഷനാണ് കൂവും. പങ്കുവയ്ക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുക. ഷെയർ ചെയ്യുന്ന പോസ്റ്റ് റികൂ എന്ന് അറിയപ്പെടും. ഐഒഎസിലും ആൻഡ്രോയിഡിലും ആപ്ലിക്കേഷൻ പ്രവർത്തിക്കും. 400 വാക്കുകളാണ് ഒരു പോസ്റ്റിന്റെ പരിധി. ഒരു മിനിറ്റ് ഷോർട്ട് വീഡിയോ/ഓഡിയോയും പബ്ലിഷ് ചെയ്യാം.