ട്രംപിന്റെ അക്കൗണ്ട് പൂട്ടിച്ചത് ഇന്ത്യന്‍ വംശജ; വിജയ ഗദ്ദെ
ട്വിറ്ററിലെ നയസുരക്ഷാ വിഭാഗം മേധാവിയാണ് ഇവര്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ അഭിഭാഷക വിജയ ഗദ്ദെ. ട്വിറ്ററിലെ നയസുരക്ഷാ വിഭാഗം മേധാവിയാണ് ഇവര്‍.
വിദ്വേഷം പരത്തുന്നു എന്ന് ആരോപിച്ച് വെള്ളിയാഴ്ചയാണ് ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് പൂട്ടിയത്. ട്രംപ് അനുയായികള്‍ യുഎസ് കാപിറ്റോളില്‍ നടത്തിയ അഴിഞ്ഞാട്ടത്തിനു പിന്നാലെയായിരുന്നു ട്വിറ്ററിന്റെ അപ്രതീക്ഷിത തീരുമാനം. അക്കൗണ്ട് പൂട്ടിയ തീരുമാനം വിജയ ഗദ്ദെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിരുന്നു.
ഇന്ത്യയില്‍ ജനിച്ച വിജയ കുട്ടിയായിരിക്കെ മാതാപിതാക്കള്‍ക്കൊപ്പം യുഎസിലേക്ക് കുടിയേറുകയായിരുന്നു. ടെക്സാസിലാണ് വളര്‍ന്നത്. ഗള്‍ഫ് ഓഫ് മെക്സിക്കോയിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ കെമിക്കല്‍ എഞ്ചിനീയറായിരുന്നു അച്ഛന്. ടെക്സാസില്‍ നിന്ന് ന്യൂ ജഴ്സിയിലെത്തി.

ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ലോ സ്കൂള്‍, കോര്‍ണല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ബിരുദ പഠനം. 2011ല്‍ ട്വിറ്ററിലെത്തുന്നതിന് മുമ്പ് ബേ ഏരിയ അടിസ്ഥാനമായ നിയമ കമ്പനിയിലെ ജീവനക്കാരിയായിരുന്നു ഇവര്‍.
കഴിഞ്ഞ വര്‍ഷം പ്രസിഡണ്ട് ട്രംപുമായി ട്വിറ്റര്‍ സംഘം നടത്തിയ കൂടിക്കാഴ്ചയില്‍ വിജയ ഗദ്ദെയും അംഗമായിരുന്നു. സിഇഒ ജാക് ഡോര്‍സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓവല്‍ ഓഫീസിലെത്തിയിരുന്നത്. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിലും ഇവര്‍ പങ്കെടുത്തിരുന്നു.
ഏറ്റവും ശക്തയായ വനിതാ സോഷ്യല്‍ മീഡിയാ എക്സിക്യൂട്ടീവ് എന്നാണ് അമേരിക്കന്‍ പൊളിറ്റിക്കല്‍ ജേണലിസം കമ്പനിയായ പൊളിറ്റികോ ഇവരെ വിശേഷിപ്പിക്കുന്നത്. ലോകത്തെ മാറ്റിമറിച്ച വനിതകളുടെ പട്ടികയില്‍ ഇന്‍സ്റ്റൈല്‍ മാഗസിനും ഇവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.