സിഗ്നല്‍ ഉപയോഗിക്കൂ എന്ന് ഇലോണ്‍ മസ്ക്; കോളടിച്ചത് മറ്റൊരു 'സിഗ്നല്‍' കമ്പനിക്ക്- ഓഹരി വര്‍ധിച്ചത് 1100%
60 സെന്റ് മാത്രമായിരുന്ന കമ്പനി ഓഹരി വെള്ളിയാഴ്ചയോടെ 8.30 ഡോളര്‍ ആയാണ് കുതിച്ചു കയറിയത്

കാലിഫോര്‍ണിയ: സ്വകാര്യതാ നയം മാറ്റാനുള്ള വാട്സ് ആപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്ക് പോസ്റ്റ് ചെയ്ത ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. സിഗ്നല്‍ ഉപയോഗിക്കൂ എന്നാണ് മെസേജിങ് പ്ലാറ്റ്ഫോമായ സിഗ്നല്‍ കമ്പനിയെ ഉദ്ദേശിച്ച് മസ്ക് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ആ വാക്കുകള്‍ ഏറെ ഉപകാരപ്പെട്ടത് സിഗ്നല്‍ എന്ന മറ്റൊരു കമ്പനിക്കാണ്. സിഗ്നല്‍ മെസേജിങ് ആപ്പുമായി ഒരു ബന്ധവുമില്ലാത്ത സിഗ്നല്‍ അഡ്വാന്‍സ് എന്ന ടെക്സാസ് ആസ്ഥാനമായ കമ്പനിക്ക്. കമ്പനിയുടെ ഓഹരിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി 1100 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 60 സെന്റ് മാത്രമായിരുന്ന കമ്പനി ഓഹരി വെള്ളിയാഴ്ചയോടെ 8.30 ഡോളര്‍ ആയാണ് കുതിച്ചു കയറിയത്.
ഇതോടെ സിഗ്നല്‍ ആപ്ലിക്കേഷന്‍, ആ കമ്പനിയുമായി യാതൊരു ബന്ധവുമില്ല എന്ന് വിശദീകരിക്കേണ്ടി വന്നു. സിഗ്നലിന്റെ വളര്‍ച്ചയില്‍ നിക്ഷേപിക്കാന്‍ ആളുകളുടെ താത്പര്യം മനസ്സിലാക്കാമെന്നും എന്നാല്‍ തങ്ങള്‍ ലാഭേതര കമ്പനി ആയാണ് നിലനില്‍ക്കുന്നത് എന്നും സിഗ്നല്‍ വ്യക്തമാക്കി. ഉപയോക്താക്കളുടെ സ്വകാര്യത മാത്രമാണ് തങ്ങളുടെ നിക്ഷേപമെന്നും ട്വിറ്ററിലിട്ട കുറിപ്പില്‍ കമ്പനി അറിയിച്ചു.
1992 ല്‍ ബയോഡൈന് എന്ന പേരില്‍ ടെക്സാസിലാണ് സിഗ്നല്‍ അഡ്വാന്‍സ് സ്ഥാപിച്ചത്. മെഡിക്കല്‍, നിയമ തൊഴിലാളികള്‍ക്ക് സേവനങ്ങള്‍ നല്കുന്ന കമ്പനിയാണിത്. 2014 ലാണ് ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്തത്.
സിഗ്നല്‍ ഒന്നാമത്
ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാമതാണിപ്പോള്‍ സിഗ്നല്‍. വാട്സാപ്പ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുമെന്ന് സിഗ്നല്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ മാത്രമല്ല, ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഹോങ്കോങ്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ആപ്പ് സ്റ്റോറുകളിലും സിഗ്നല്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഹങ്കറിയിലെയും ജര്‍മനിയിലെയും ഗൂഗ്ള്‍ പ്ലേ സ്റ്റോറുകളിലും ഒന്നാം സ്ഥാനം സിഗ്നലിനാണ്.
രണ്ടു ദിവസത്തിന് അകം ഒരു ലക്ഷത്തിലേറെ പേരാണ് സിഗ്നല്‍ ഡൗണ്‍ലോഡ് ചെയ്തത് എന്ന് സെന്‍സര്‍ ടവറിലെ വിവരങ്ങള്‍ വച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ലെ ആദ്യ ആഴ്ചയില്‍ വാട്സാപ്പിന്റെ പുതിയ ഇന്സ്റ്റാളേഷന് പതിനൊന്ന് ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും 10.5 ദശലക്ഷം ഡൗണ്‍ലോഡുമായി വാട്സ്ആപ്പ് തന്നെയാണ് മെസ്സേജിങ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാം സ്ഥാനത്ത്.