വാട്സ് ആപ്പിന്റെ അന്ത്യമോ? ഇന്റര്‍നെറ്റ് നിറയെ സിഗ്നല്‍ അന്വേഷണങ്ങള്‍- നിങ്ങള്‍ അറിയേണ്ടതെല്ലാം
സിഗ്നല്‍ എന്ന പുതിയ ആപ്ലിക്കേഷനെ കുറിച്ചുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും ഇന്റര്‍നെറ്റില്‍ ആകെ നിറഞ്ഞു കഴിഞ്ഞു

'യൂസ് സിഗ്നല്‍' - ടെസ്ല സിഇഒ ഇലന്‍ മസ്ക് ട്വിറ്ററില്‍ കുറിച്ച ഈയൊരറ്റ വാചകം വാട്സ് ആപ്പ് എന്ന മെസേജിങ് ഭീമന്റെ അന്ത്യത്തിന് തുടക്കം കുറിക്കുമോ? അങ്ങനെയൊരു ചര്‍ച്ചയിലാണ് ടെക് ലോകം. സിഗ്നല്‍ എന്ന പുതിയ ആപ്ലിക്കേഷനെ കുറിച്ചുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും ഇന്റര്‍നെറ്റില്‍ ആകെ നിറഞ്ഞു കഴിഞ്ഞു.
ഹലോ ടു പ്രൈവസി
സേ ഹലോ ടു പ്രൈവസി (സ്വകാര്യതയ്ക്ക് സ്വാഗതം) എന്നതാണ് സിഗ്നല്‍ എന്ന മെസേജിങ് ആപ്പിക്കേഷന്റെ ടാഗ് ലൈന്‍. സ്വകാര്യതയും സുരക്ഷയുമാണ് സിഗ്നലിന്റെ ഏറ്റവും വലിയ സവിശേഷതയും.
വാട്സ് ആപ്പ് പോലെ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ്, മറ്റു ഓപറേറ്റിങ് സിസ്റ്റംസ് എന്നിവയില്‍ എല്ലാം സിഗ്നല്‍ ഉപയോഗിക്കാം. ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍, ജിഫുകള്‍ തുടങ്ങിയവ കൈമാറ്റം ചെയ്യാം. വോയ്സ്-വീഡിയോ കോളുകളും ചെയ്യാം.

വാട്സ് ആപ്പുമായി സിഗ്നലിനെ വ്യത്യസ്തമാക്കുന്ന ഏറ്റവും വലിയ ഘടകം ഈ ആപ്ലിക്കേഷന്‍ ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര് ഉപയോഗിച്ച് തയ്യാറാക്കിയതാണ് എന്നതാണ്. ആപ്പിന്റെ സോഴ്സ് കോഡ് ആര്‍ക്കും പരിശോധിച്ചു ഉറപ്പു വരുത്താം. സ്വകാര്യതയ്ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിക്കുന്നുണ്ട് എങ്കില്‍ അത് തിരിച്ചറിയാനും തിരുത്താനും സിഗ്നലില്‍ അവസരമുണ്ടാകും.
എന്‍ഡ് ടു എന്‍ഡ് എന്സ്ക്രിപ്ഷന് ആണ് സംഭാഷണങ്ങളെ (കണ്‍വര്‍സേഷന്‍) സുരക്ഷിതമായി നിലനിര്‍ത്തുന്നത്. ഓരോ സന്ദേശത്തിലും വിളിയിലും സിഗ്നല്‍ ഇത് ഉറപ്പു നല്കുന്നു. ദുര്‍ബലമായ നെറ്റ്വര്‍ക്ക് കവറേജുള്ള സ്ഥലത്തു പോലും സന്ദേശങ്ങള്‍ സിഗ്നല്‍ വഴി വേഗത്തില്‍ കൈമാറാന്‍ കഴിയും.
നിര്‍മിച്ചത് ആര്?
സിലിക്കണ്‍ വാലി ആസ്ഥാനമായ സിഗ്നല്‍ ഫൗണ്ടേഷന്, സിഗ്നല്‍ മെസഞ്ചല്‍ എല്‍എല്‍സി എന്ന ലാഭേതര കമ്പനിയാണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചത്. വാട്സാപ്പ് സഹസ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍, മോക്സി മാര്‍ലിന്‍സ്പൈക്ക് എന്നിവര്‍ ചേര്‍ന്നാണ് കമ്പനിക്ക് രൂപം നല്‍കിയത്. 2017ല്‍ വാട്സ്ആപ്പ് വിട്ട ആക്ടന്‍ അമ്പത് ദശലക്ഷം യുഎസ് ഡോളറാണ് സിഗ്നലിന് വേണ്ടി ഫണ്ട് ചെയ്തത്.

ബ്രയാന്‍ ആക്ടണും ജാന്‍ കോമും ചേര്‍ന്ന് വികസിപ്പിച്ച വാട്സാപ്പ് 2014 ലാണ് ഫെയ്സ്ബുക്ക് ഏറ്റെടുത്തത്. വാട്സാപ്പില്‍ നിന്നും ലാഭമുണ്ടാക്കാന്‍ ഫെയ്സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് നിലപാടെടുത്തതോടെയാണ് ബ്രയാന്‍ ആക്ടണും ജാന്‍ കോമും കമ്പനി വിട്ടത്.
സിഗ്നല്‍ സൗജന്യമാണോ?
വാട്സ് ആപ്പ് പോലെ തന്നെ സൗജന്യമാണ് സിഗ്നല്‍. 2020 ഡിസംബറിലാണ് സിഗ്നലില്‍ വീഡിയോ ഗ്രൂപ്പ് വീഡിയോ കോള്‍ അവതരിപ്പിക്കപ്പെട്ടത്. 150 പേരാണ് ഒരു സിഗ്നല്‍ ഗ്രൂപ്പിന്റെ ശേഷി. വാട്സ്ആപ്പില്‍ ഇത് 256 പേരാണ്.

വാട്സ്ആപ്പ് പോലെ ആര്‍ക്കും ആരെയും ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ ആകില്ല. ഇന്‍വൈറ്റ് ചെയ്ത് സ്വീകരിച്ചാല്‍ മാത്രമേ മറ്റൊരാളെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ആകൂ.
ലാപ്ടോപ്പ്, ഐപാഡ് എന്നിവയില്‍ എല്ലാം സിഗ്നല്‍ ഉപയോഗിക്കാം. വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്ന പോലെ ഇതിനായി ക്യു ആര് കോഡ് സ്കാന്‍ ചെയ്യണം. വാട്സ് ആപ്പ് പോലെ സന്ദേശങ്ങള്‍ ഗൂഗ്ള്‍ ഡ്രൈവിലേക്കോ ഐക്ലൗഡിലേക്കോ മാറ്റി ബാക്കപ്പ് എടുക്കാനുള്ള സൗകര്യം സിഗ്നലിലില്ല.