വാട്സ് ആപ്പ് നിങ്ങളുടെ സ്വകാര്യത തകര്‍ക്കുന്നത് എങ്ങനെ?
സ്വകാര്യ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ ഇഷ്ടമില്ലെങ്കില്‍ ഒരേയൊരു വഴിയേയുള്ളൂ... ഡേറ്റ ശേഖരിക്കുകയോ വില്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാത്ത മറ്റ് ആപ്പുകളെ ആശ്രയിക്കുക.

'വാട്ട്സാപ്പ് അതിന്റെ വ്യവസ്ഥകളും സ്വകാര്യതാ നയങ്ങളും പരിഷ്കരിക്കുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ ഇനിമുതല്‍ ഫേസ്ബുക്കിന് കൈമാറും. ഫെബ്രുവരി എട്ടിനു മുമ്പ് ഈ വ്യവസ്ഥകള്‍ അംഗീകരിക്കണം. ഇല്ലെങ്കില്‍ പിന്നീട് നിങ്ങള്‍ക്ക് വാട്ട്സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല...'
ഇങ്ങനെയൊരു സന്ദേശം നിങ്ങളുടെ വാട്ട്സാപ്പ് മെസ്സഞ്ചറില്‍ ഇതിനകം വന്നുകാണും. ഇല്ലെങ്കില്‍ അധികം വൈകാതെ വരും.
അതായത്, നിങ്ങളുടെ ഫോണില്‍ നിന്ന് ഒളിഞ്ഞും തെളിഞ്ഞും ശേഖരിക്കുന്ന വിവരങ്ങള്‍ വാട്ട്സാപ്പ് മാതൃകമ്പനിയായ ഫേസ്ബുക്കിന് കൈമാറുമെന്നും, ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍ അവ മാര്‍ക്കറ്റിംഗ് അടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഇനിമുതല്‍ ഉപയോഗപ്പെടുത്തുമെന്നും അവര്‍ തന്നെ വ്യക്തമാക്കുകയാണ്. തെളിച്ചു പറഞ്ഞാല്‍, നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വാട്ട്സാപ്പ് ഫേസ്ബുക്കിന് കൈമാറുന്നതില്‍ എതിര്‍പ്പൊന്നുമില്ല എന്ന് ഫെബ്രുവരി എട്ടിനുമുമ്പ് നിങ്ങള്‍ അംഗീകരിക്കണം. അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നീട് നിങ്ങള്‍ക്ക് വാട്ട്സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.
ഇന്റര്‍നെറ്റ് ആധാരമാക്കിയുള്ള ഇന്‍സ്റ്റന്റ് മെസ്സേജിങ് സംവിധാനത്തില്‍ വന്‍ വിപ്ലവം കൊണ്ടുവന്ന വാട്ട്സാപ്പ് സ്ഥാപിതമാകുന്നത് 11 വര്‍ഷം മുമ്പാണ്; അഥവാ 2009-ല്‍. കുറഞ്ഞ കാലം കൊണ്ടുതന്നെ മൊബൈല്‍ ഉപയോക്താക്കളുടെ ഒന്നാം നമ്പര്‍ ചോയ്സായി മാറിയ വാട്ട്സാപ്പിനെ 2014-ല്‍ ഒന്നര ബില്യണ്‍ ഡോളര്‍ എന്ന ഭീമമായ തുക കൊടുത്ത് ഫേസ്ബുക്ക് സ്വന്തമാക്കി.
ഉപഭോക്താക്കളില്‍ നിന്ന് പണമൊന്നും ഈടാക്കാത്ത, പ്ലാറ്റ്ഫോമിലെവിടെയും പരസ്യമൊന്നും കാണിക്കാത്ത വാട്ട്സാപ്പിനെ ഇത്രവലിയ വില കൊടുത്ത് ഫേസ്ബുക്ക് വാങ്ങിയത് എന്തിനെന്ന ചോദ്യം അന്ന് പലര്‍ക്കുമുണ്ടായിരുന്നു. അതിനുള്ള വ്യക്തമായ ഉത്തരമാണ് നിങ്ങളുടെ ഫോണിലെ ഒരു ഇന്‍ ആപ്പ് നോട്ടിഫിക്കേഷനിലൂടെ ഫേസ്ബുക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 180-ലേറെ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന 200 കോടിയോളം ജനങ്ങളുടെ വിവരങ്ങളാണ് വാട്ട്സാപ്പ് വഴി ഫേസ്ബുക്ക് വിലകൊടുത്തു വാങ്ങിയത്. അവരത് ഇനിമുതല്‍ ഉപയോഗിക്കാന്‍ പോവുകയാണ്.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ നിങ്ങളയക്കുന്ന മെസ്സേജുകളൊന്നും വാട്ട്സാപ്പോ ഫേസ്ബുക്കോ എടുത്തുവെക്കുന്നില്ല എന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ മെസ്സേജുകള്‍ ഫേസ്ബുക്കിന് കൈമാറുന്നില്ല.
ആശ്വസിക്കാന്‍ വരട്ടെ
മെസ്സേജുകള്ക്കൊപ്പമോ അതിനേക്കാളധികമോ പ്രാധാന്യമുള്ള മറ്റ് വിവരങ്ങള്‍ ഇനി ഫേസ്ബുക്കിന്റെ കൈകളിലെത്തും. മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, പ്രൊഫൈല്‍ ഫോട്ടോ, എബൗട്ട് ഇന്‍ഫര്‍മേഷന്‍, ഫോണിലെ കോണ്ടാക്ടുകള്, പെയ്മെന്റ് വിവരങ്ങള്‍, നിങ്ങള്‍ എപ്പോള്‍ വാട്ട്സാപ്പ് ഉപയോഗിക്കുന്നു എത്രസമയം ഉപയോഗിക്കുന്നു തുടങ്ങിയ വിവരങ്ങള്‍, നിങ്ങളുടെ പരസ്യ താല്പര്യങ്ങള്, ലൊക്കേഷന്‍, ഐ.പി അഡ്രസ്, നിങ്ങളുടെ മൊബൈലിന്റെ ഡിവൈസ് ഐ.ഡി, യൂസര്‍ ഐ.ഡി അങ്ങനെ 15-ലേറെ വിവരങ്ങള്‍.
തങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് ഈ വിവരങ്ങള്‍ പങ്കുവെക്കുമെന്നാണ് ഫേസ്ബുക്ക് ഇപ്പോള്‍ പറയുന്നത്. സേവനം മെച്ചപ്പെടുത്തുന്നതു മുതല്‍ മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കു വരെ ഈ വിവരങ്ങള്‍ ഫേസ്ബുക്ക് കമ്പനികള്‍ ഉപയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. നിങ്ങള്‍ 'അഗ്രീ' ബട്ടണ്‍ അമര്‍ത്തുന്നതോടെ, ഈ വിവരങ്ങളെല്ലാം ഫേസ്ബുക്കിന്റെ സ്വന്തമായി മാറുകയാണെന്നര്ത്ഥം.

മറ്റൊന്നു കൂടി അറിയേണ്ടതുണ്ട്; ഇന്റര്‍നെറ്റ് സ്വകാര്യതാ നിയമങ്ങള്‍ കര്‍ശനമായ യൂറോപ്പില്‍ വാട്ട്സാപ്പ് പുതിയ സ്വകാര്യതാ നയങ്ങള്‍ അവതരിപ്പിച്ചിട്ടില്ല. യൂറോപ്പിലും യുകെയിലും ഇത് നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വാട്ട്സാപ്പില്‍ നിന്നുള്ള ചില വിവരങ്ങള്‍ 2016 മുതല്‍തന്നെ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ആ വിവരങ്ങള്‍ കൈാറാന് വാട്ട്സാപ്പിനെ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അന്ന് ഉപയോക്താവിന് അവസരമുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ അതല്ല സ്ഥിതി; അംഗീകരിക്കുക അല്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക എന്ന ഒരൊറ്റ ഓപ്ഷനേ ഉപയോക്താവിനു മുമ്പിലുള്ളൂ... ഫേസ്ബുക്കിന്റെ ഈ അടിച്ചേല്‍പ്പിക്കല്‍ നയം വ്യക്തികളുടെ സ്വകാര്യതക്കു മേലുള്ള കടന്നുകയറ്റമാണെന്ന് ഇന്റര്‍നെറ്റ് സ്വകാര്യതാ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
മുന്നില്‍ എന്താണ് വഴി?
സ്വകാര്യ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ ഒരേയൊരു വഴിയേയുള്ളൂ... നിങ്ങളുടെ ഡേറ്റ ശേഖരിക്കുകയോ വില്ക്കുകയോ കൈമാറ്റം ചെയ്യുകയോ ഇല്ലാത്ത മറ്റ് ആപ്പുകളെ ആശ്രയിക്കുക. ഭാഗ്യവശാല്‍ വാട്ട്സാപ്പിനോളം തന്നെ ഗുണനിലവാരമുള്ള അത്തരത്തിലുള്ള നിരവധി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്.
അവയിലൊന്നാണ് സിഗ്നല്‍. വാട്ട്സാപ്പിന്റെ സ്ഥാപകരായ ബ്രയാന്‍ ആക്ടണ് തന്നെയാണ് ഇതിന്റെയും സ്ഥാപകന്‍. 2017-ല്‍ ഫേസ്ബുക്ക് വിട്ട ആക്ടണ്, സ്വകാര്യത സൂക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഉറപ്പു നല്‍കിയാണ് സിഗ്നല്‍ സ്ഥാപിക്കുന്നത്. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറായ സിഗ്നനില്‍ വാട്ട്സാപ്പിന്റെ ഏറെക്കുറെ എല്ലാ ഫീച്ചറുകളുമുണ്ട്.

സ്റ്റോറേജിലും പ്രൈവസിയിലും വാട്ട്സാപ്പിനേക്കാള്‍ മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ടെലിഗ്രാം ആണ് മറ്റൊന്ന്. 2013-ല്‍ റഷ്യക്കാരനായ പാവേല്‍ ദുറോവ് സ്ഥാപിച്ച ടെലിഗ്രാമിന് 300 മില്യണിലേറെ ഉപയോക്താക്കളുണ്ട് നിലവില്‍.
മാട്രിക്സ് എലമെന്റ്, കീബേസ്, ബ്രെയര്‍ ആപ്പ്, സ്റ്റാറ്റസ്, ട്രാങ്കോ, ഡെല്‍റ്റ ചാറ്റ്, ത്രീമ തുടങ്ങി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ കര്‍ശനമായി നടപ്പാക്കുന്ന, സ്വകാര്യതാ വിവരങ്ങള്‍ ശേഖരിക്കാത്ത നിരവധി ആപ്പുകള്‍ വേറെയുമുണ്ട് നിരവധി.
വാട്ട്സാപ്പിന്റെ സ്വീകാര്യത ചോദ്യം ചെയ്യാനും എല്ലാവരിലേക്കുമെത്താനും ഈ ആപ്പുകള്ക്കാകുമോ എന്നതാണ് സുപ്രധാന ചോദ്യം.