LiveTV

Live

Technology

ചന്ദ്രനിലൊരു ശുചിമുറി വേണം, സഹായിക്കുന്നവര്‍ക്ക് നാസയുടെ 15 ലക്ഷം

രണ്ടാമതും മൂന്നാമതും എത്തുന്ന ശുചിമുറി ഡിസൈനുകള്‍ക്ക് 10,000ഡോളറും(7.56 ലക്ഷം രൂപ) 5,000 ഡോളറും(3.78 ലക്ഷം രൂപ) സമ്മാനതുകയായി ലഭിക്കും...

ചന്ദ്രനിലൊരു ശുചിമുറി വേണം, സഹായിക്കുന്നവര്‍ക്ക് നാസയുടെ 15 ലക്ഷം

ചന്ദ്രനില്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാവുന്ന ശുചിമുറി നിര്‍മ്മിക്കുന്നവര്‍ക്ക് 20,000 ഡോളര്‍(ഏകദേശം 15 ലക്ഷം രൂപ) സമ്മാനം പ്രഖ്യാപിച്ച് നാസ. അമേരിക്കയുടെ ഭാവിയിലെ ചാന്ദ്രയാത്രയിലെ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ ശുചിമുറി. രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000ഡോളറും(7.56 ലക്ഷം രൂപ) 5,000 ഡോളറും(3.78 ലക്ഷം രൂപ) സമ്മാനതുക ലഭിക്കും.

2024ലാണ് നാസയുടെ ആര്‍ട്ടിമിസ് ചാന്ദ്ര ദൗത്യം പദ്ധതിയിട്ടിരിക്കുന്നത്. ആദ്യത്തെ വനിതയും പുരുഷനും അടങ്ങുന്ന സംഘമായിരിക്കും ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് തിരിക്കുക. നിലവില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ടി ശുചിമുറികള്‍ ഗുരുത്വമില്ലാത്ത അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഭൂമിയെ അപേക്ഷിച്ച് ആറിലൊന്ന് മാത്രം ഗുരുത്വമുള്ള ചന്ദ്രന് യോജിച്ച ശുചിമുറി നിര്‍മ്മിക്കുകയാണ് വെല്ലുവിളി.

ഈ വെല്ലുവിളിയില്‍ പങ്കെടുക്കുന്ന 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങളും നാസ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് നാസയുടെ പ്രത്യേക സമ്മാനവും സ്വാഭാവികമായും വാര്‍ത്താ പ്രാധാന്യവും ഉറപ്പ്. ചന്ദ്രനിലെ ശുചിമുറിക്ക് വേണ്ട നിബന്ധനകളും നാസ പുറത്തുവിട്ടിട്ടുണ്ട്.

1. ശുചിമുറിക്ക് 4.2 ക്യുബിക് അടിയില്‍ കൂടുതല്‍ വലിപ്പം പാടില്ല.

2. ഉപയോഗിക്കുമ്പോള്‍ 60 ഡെസിബെലില്‍ കുറവ് ശബ്ദം മാത്രമേ പുറത്തുവരാന്‍ പാടൂ.

3. ഒരു ലിറ്റര്‍ മൂത്രവും 500 ഗ്രാം മലവും ഒരേസമയം ഉള്‍ക്കൊള്ളാനാകണം. ഏതെങ്കിലും സഞ്ചാരിക്ക് വയറിളക്കം വരാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നാസയുടെ ഈ നിബന്ധന.

4. യാത്രികരില്‍ ഒരു സ്ത്രീയും ഉള്ളതിനാല്‍ 114 ഗ്രാം വരെ മാസമുറയെ തുടര്‍ന്നുള്ള രക്തം അടക്കമുള്ള അവശിഷ്ടങ്ങള്‍ വഹിക്കാനും സംസ്‌കരിക്കാനും ഇവക്ക് സാധിക്കണം.

5. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അഞ്ച് മിനുറ്റിനുള്ളില്‍ അടുത്ത ഉപയോഗത്തിന് സാധിക്കണം. ഇതിനകം അവശിഷ്ടങ്ങള്‍ ശേഖരിക്കാനോ സംസ്‌കരിച്ച് പുറംതള്ളാനോ സാധിക്കണം.