LiveTV

Live

Technology

വസ്ത്രങ്ങള്‍ തുളച്ചുകാണുന്ന ക്യാമറയുമായി വണ്‍ പ്ലസ് 8 പ്രോ!

വണ്‍പ്ലസ് 8 പ്രോയുടെ ഫോട്ടോക്രോം എന്ന ഫില്‍റ്ററാണ് വിവാദകേന്ദ്രമായിരിക്കുന്നത്...

വസ്ത്രങ്ങള്‍ തുളച്ചുകാണുന്ന ക്യാമറയുമായി വണ്‍ പ്ലസ് 8 പ്രോ!

വസ്ത്രങ്ങളും പ്ലാസ്റ്റിക്കും തുളച്ച് കാണാന്‍ സഹായിക്കുന്ന വണ്‍പ്ലസ് 8 പ്രോയുടെ ക്യാമറ വിവാദമാകുന്നു. വണ്‍പ്ലസ് 8 പ്രോയുടെ ഫോട്ടോക്രോം എന്ന ഫില്‍റ്ററാണ് വിവാദകേന്ദ്രമായിരിക്കുന്നത്. കറുത്ത വസ്ത്രങ്ങളുടേയും പ്ലാസ്റ്റിക്കിന്റേയും ഉള്ളിലുള്ളവ തെളിഞ്ഞുകാണാന്‍ സഹായിക്കുന്ന എക്‌സ്‌റേ വിഷനാണ് വിവാദ കേന്ദ്രം.

കറുത്ത പ്ലാസ്റ്റിക് ഉപകരണങ്ങള്‍ ഈ ഫീച്ചറുപയോഗിച്ച് ചിത്രീകരിച്ചാല്‍ ഉള്ളിലുള്ളത് എന്തൊക്കെയാണെന്ന് തെളിഞ്ഞു കാണാനാകും. ബെന്‍ ഗെസ്‌കിന്‍ എന്ന ട്വിറ്റര്‍ ഉപഭോക്താവ് നടത്തിയ പരീക്ഷണ വീഡിയോയാണ് ആദ്യം ഹിറ്റായത്. പിന്നാലെ അണ്‍ബോക്‌സ് തെറാപ്പി എന്ന യുട്യൂബ് ചാനലില്‍ അടക്കം വണ്‍പ്ലസ് 8 പ്രോയുടെ ഈ ക്യാമറാ സവിശേഷത പ്രത്യക്ഷപ്പെട്ടു.

ഇന്‍ഫ്രാറെഡ് വെളിച്ചം മനുഷ്യന്റെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാവില്ല. തെര്‍മല്‍ ക്യാമറകളിലും ഇന്‍ഫ്രാറെഡ് വിഷന്‍ കണ്ണടകളിലും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് വണ്‍പ്ലസ് 8 പ്രോയുടെ ഈ ഫില്‍റ്ററിലും ഉപയോഗിക്കുന്നത്. കറുത്ത വസ്ത്രങ്ങള്‍ക്കും കട്ടികുറഞ്ഞ പ്ലാസ്റ്റിക്കും അപ്പുറമുള്ളത് വണ്‍പ്ലസ് ക്യാമറയിലൂടെ കാണാനാകുന്നുവെന്നാണ് ഉയരുന്ന ആരോപണം.

ഒരു ഫില്‍റ്ററിനൊപ്പം ഉപയോഗിച്ചാല്‍ ചില വസ്ത്രങ്ങള്‍ക്കുള്ളിലേക്കും മറ്റും കാണാന്‍ സാധിക്കുന്ന വീഡിയോ ക്യാമറ 1998ല്‍ സോണി ഇറക്കിയിരുന്നു. സ്വകാര്യതാ വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനി ഈ ക്യാമറ പിന്‍വലിക്കുകയായിരുന്നു. സമാനമായ സ്വകാര്യതാ വിവാദങ്ങള്‍ വണ്‍പ്ലസ് 8 പ്രോക്കെതിരെയും ഉയര്‍ന്നിട്ടുണ്ട്. അതേസയം അവിചാരിതമായാണ് ഈ ഫില്‍റ്റര്‍ വണ്‍പ്ലസ് 8 പ്രോയില്‍ ലഭ്യമായിരിക്കുന്നതെന്നാണ് ദ വെര്‍ജ് പോലുള്ള ടെക് സൈറ്റുകള്‍ പറയുന്നത്.