LiveTV

Live

Technology

ചൈനയുടെ മുസ്‌ലിം പീഡനങ്ങള്‍ക്കെതിരെ ടിക് ടോക് വീഡിയോ; നീക്കം ചെയ്തത് വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് ടിക് ടോക്

17കാരിയുടെ വീഡിയോ വൈറലായതിന് പിന്നാലെ ടിക് ടോക് അത് പിന്‍വലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെ വീഡിയോ തിരികെ നല്‍കി മാപ്പ് പറഞ്ഞ് തടിയൂരാനാണ് ടിക് ടോകിന്റെ ശ്രമം...

ചൈനയുടെ മുസ്‌ലിം പീഡനങ്ങള്‍ക്കെതിരെ ടിക് ടോക് വീഡിയോ; നീക്കം ചെയ്തത് വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് ടിക് ടോക്

കൗമാരക്കാരുടെ ഇഷ്ട ആപ്ലിക്കേഷനായ ടിക് ടോകിനെ രാഷ്ട്രീയം പറയാന്‍ ഉപയോഗിച്ചാണ് കൗമാരക്കാരിയായ ഫേറോസ അസീസ് ശ്രദ്ധേയയാകുന്നത്. ഫെറോസയുടെ വീഡിയോ വൈറലായതിന് പിന്നാലെ ടിക് ടോക് അത് പിന്‍വലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെ വീഡിയോ തിരികെ നല്‍കി മാപ്പ് പറഞ്ഞ് തടിയൂരാനായി ടിക് ടോകിന്റെ ശ്രമം.

കണ്‍പീലി വളക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ എന്ന നിലക്കാണ് 17കാരിയായ ഫെറോസയുടെ ടിക് ടോക് തുടങ്ങുന്നത്. തുടര്‍ന്നങ്ങോട്ട് പറയുന്നത് ചൈനയുടെ ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരായ പീഡനങ്ങളെക്കുറിച്ചും.

'ചൈനയിലെന്താണ് നടക്കുന്നതെന്നറിയാന്‍ ഒന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മതി. പാവപ്പെട്ട മുസ്‌ലിംങ്ങള്‍ക്കായി അവരവിടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ പണിയുകയാണ്. കുടുംബാംഗങ്ങളെ വേര്‍പിരിക്കുന്നു, തട്ടിക്കൊണ്ടുപോകുന്നു, കൊല്ലുന്നു, ബലാത്സംഗം ചെയ്യുന്നു, പന്നിമാംസം തിന്നാനും മദ്യം കുടിക്കാനും നിര്‍ബന്ധിക്കുന്നു' എന്നിങ്ങനെയുള്ള കാര്യങ്ങളാണ് 40 സെക്കന്റ് നീളുന്ന വീഡിയോയില്‍ അസീസ് പറയുന്നത്.

ചൈനീസ് വിരുദ്ധ കണ്ടന്റുകള്‍ നീക്കം ചെയ്യുന്നുവെന്ന ടിക് ടോകിനെതിരെ നിലവിലുള്ള പരാതിക്ക് ആക്കം കൂട്ടിക്കൊണ്ട് അവര്‍ ഫെറോസ അസീസിന്റെ വീഡിയോ നീക്കം ചെയ്തു. കൂടാതെ ടിക് ടോകില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ഒരു മാസത്തക്ക് വിലക്കുകയും ചെയ്തു. അപ്പോഴേക്കും വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലക്ഷക്കണക്കിന് പേര്‍ ആ വീഡിയോ കണ്ടിരുന്നു. ടിക് ടോകിന്റെ ഈ നടപടി വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു.

ചൈനീസ് സര്‍ക്കാരിനുവേണ്ടി ടിക് ടോക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തില്‍ നിലവില്‍ അമേരിക്കന്‍ സെനറ്റ് അന്വഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണം തീരുംവരെ ടിക് ടോക് ആപ്ലിക്കേഷന്‍ യു.എസ് സൈന്യവുമായി ബന്ധപ്പെട്ടവര്‍ ഉപയോഗിക്കരുതെന്ന് അനൗദ്യോഗികമായി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ വഷളാകാതിരിക്കാന്‍ ടിക് ടോക് അധികൃതര്‍ വിഷയത്തില്‍ വളരെ വേഗം നടപടിയെടുക്കുകയും ചെയ്തു.

വീഡിയോ നീക്കം ചെയ്ത് 50 മിനുറ്റിനുള്ളില്‍ അത് തിരികെ നല്‍കിയെന്നാണ് ടിക് ടോകിന്റെ ഔദ്യോഗിക വിശദീകരണം. ടിക് ടോകിന്റെ ഭാഗത്തു നിന്നുണ്ടായ മാനുഷിക പിഴവാണ് അതെന്നും അതിന്റെ പേരില്‍ ഫെറോസയോട് മാപ്പ് ചോദിക്കുന്നുവെന്നും ടിക് ടോക് വ്യക്തമാക്കി.

ചൈനയിലെ സിങ്ചിയാങ് പ്രവിശ്യയില്‍ പത്ത് ലക്ഷത്തിലേറെ ഉയിഗുര്‍ മുസ്‌ലിംകള്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നുവെന്നാണ് കരുതപ്പെടുന്നത്. ചൈനീസ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചോര്‍ന്ന രഹസ്യ രേഖകളിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ഇത്തരം ക്യാമ്പുകള്‍ നിലവില്ലെന്ന് ചൈന ആദ്യം അവകാശപ്പെട്ടെങ്കിലും ക്യാമ്പുകളുണ്ടെന്ന് സമ്മതിച്ചു. ഉയിഗുര്‍ മുസ്‌ലിംകള്‍ തീവ്രവാദത്തിലേക്ക് പോകുന്നത് തടയാനായി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റുമാണിതെന്നാണ് ചൈന അറിയിച്ചത്.