LiveTV

Live

Technology

ബിറ്റ്കോയിനെ കടത്തിവെട്ടാന്‍ ഫേസ്ബുക്കിന്റെ ലിബ്ര വരുന്നു; ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കഴിയുമോ ? അറിയേണ്ടതെല്ലാം...

ലിബ്രയുടെ പൂർണ്ണ നിയന്ത്രണം ഫേസ്ബുക്കിന്റെ കൈയിലായിരിക്കില്ല. 27 ഓളം കമ്പനികൾ ചേർന്നാണ്​ ലിബ്രയെ നിയന്ത്രിക്കുന്നത്​.

ബിറ്റ്കോയിനെ കടത്തിവെട്ടാന്‍ ഫേസ്ബുക്കിന്റെ ലിബ്ര വരുന്നു; ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കഴിയുമോ ? അറിയേണ്ടതെല്ലാം...

ക്രിപ്റ്റോകറന്‍സിയുമായി ഫേസ്ബുക്ക് വരുന്നു. ലിബ്ര എന്നാണ് തങ്ങളുടെ ക്രിപ്റ്റോകറന്‍സിക്ക് ഫേസ്ബുക്ക് പേരിട്ടിരിക്കുന്നത്. 2020ൽ ആയിരിക്കും ലിബ്ര പൂർണമായ രീതിയിൽ പുറത്തിറങ്ങുക. ലിബ്ര അസോസിയേഷനായിരിക്കും കറൻസിക്ക്​ പിന്നിൽ. ബാങ്കിങ്​ സംവിധാനം ഉപയോഗിക്കാത്തവരെയാണ്​ പുതിയ കറൻസിയിലൂടെ തങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന്​ ഫേസ്ബുക്ക്​ വ്യക്തമാക്കിയിട്ടുണ്ട്​.

ലിബ്രയുടെ പൂർണ്ണ നിയന്ത്രണം ഫേസ്ബുക്കിന്റെ കൈയിലായിരിക്കില്ല. 27 ഓളം കമ്പനികൾ ചേർന്നാണ്​ ലിബ്രയെ നിയന്ത്രിക്കുന്നത്​. യൂബർ, മാസ്​റ്റർകാർഡ്​, വീസാ, സ്​പോട്ടിഫൈ എന്നിവയാണ്​ ലിബ്രയുമായി കൈകോർക്കുന്ന കമ്പനികളിൽ ചിലത്​. ലിബ്ര ഉപയോഗിച്ച്​ ലോകത്ത്​ എവിടെയും ഇടപാടുകൾ നടത്താമെന്നാണ്​ ഫേസ്​ബുക്ക്​ അവകാശപ്പെടുന്നത്​. ഈ ഇടപാടുകൾക്ക്​ യൂസർ ഫീ ഈടാക്കുകയുമില്ല. ഒരു ടെക്സ്റ്റ് മെസേജ് അയക്കുന്ന വേഗതയില്‍ കാലിബ്ര വഴി കുറഞ്ഞ ചിലവിലും ചിലവുകളില്ലാതെയും ആര്‍ക്കും ലിബ്ര ക്രിപ്‌റ്റോ കറന്‍സി കൈമാറ്റം ചെയ്യാന്‍ സാധിക്കും.

ലിബ്ര ഉപയോഗിച്ച്​ നടത്തുന്ന ഇടപാടുകൾ പൂർണമായും കേന്ദ്രീകൃതവും സ്വകാര്യവുമായിരിക്കും. കാലിബ്ര എന്ന ആപ്​ ഇൻസ്​റ്റാൾ ചെയ്​ത് ലിബ്ര കറൻസി ഉപയോഗിച്ച്​ തുടങ്ങാം. ലിബ്രയുടെ വില പിടിച്ച്​ നിർത്താനായി റിസർവുകളും ഫേസ്ബുക്ക്​ സൃഷ്ടിക്കും. ബാങ്ക്​ നിക്ഷേപങ്ങളും സർക്കാർ സെക്യൂരിറ്റീസും, സൃഷ്ടിക്കപ്പെടുന്ന ഓരോ ലിബ്രായ്ക്കു വേണ്ടിയും കരുതലായി സൂക്ഷിക്കും. അങ്ങനെ ലോകത്തെ ഏറ്റവും മികച്ച കറൻസിയായി ലിബ്രയെ വളർത്താനാണ്​ ഫേസ്ബുക്ക്​ ലക്ഷ്യമിടുന്നത്​. ബിറ്റ്കോയിന് വെല്ലുവിളിയായി ലിബ്ര വളരുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കഴിയുമോ ?

ബാങ്കുകള്‍ക്ക് വിനിമയത്തിന് ആര്‍.ബി.ഐ അനുമതി നല്‍കിയാല്‍ മാത്രമെ ഇന്ത്യയില്‍ ലിബ്ര വാങ്ങലും വില്‍ക്കലും സാധ്യമാകൂ. ആര്‍.ബി.ഐ അനുമതി നല്‍കിയാല്‍ രൂപയുമായി ലിബ്രക്ക് വിനിമയം സാധ്യമാകും. അങ്ങനെയെങ്കില്‍ സെന്‍ട്രല്‍ ബാങ്ക് ഇടപെടലില്ലാതെ ആഗോളതലത്തില്‍ പണമിടപാട് എളുപ്പമാകും.