പുതിയ ക്യാമറ ടെക്നോളജിയുമായി വാവെയ്; ഇതിന് വില കൂടും
പുതിയ മോഡലുകള്‍ പുറത്തിറക്കുമ്പോഴും ക്യാമറയില്‍ എന്തെങ്കിലും പുതുമ കൊണ്ട് വരാന്‍ വാവെയ് ശ്രമിക്കാറുണ്ട്. വാവെയ് അവതരിപ്പിച്ച പി30, പി30 പ്രോ എന്നീ മോഡലുകളിലുമുണ്ട് പുതിയ ക്യാമറ ടെക്നോളജികള്‍.
മികച്ച ക്യാമറ ഫോണുകള്‍ ആരിറക്കുന്നു എന്ന് ചോദിച്ചാല്‍ അതിലൊന്ന് വാവെയ്മുണ്ടാവും. ഓരോ പുതിയ മോഡലുകള്‍ പുറത്തിറക്കുമ്പോഴും ക്യാമറയില്‍ എന്തെങ്കിലും പുതുമ കൊണ്ട് വരാന്‍ വാവെയ് ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസം വാവെയ് അവതരിപ്പിച്ച പി30, പി30 പ്രോ എന്നീ മോഡലുകളിലുമുണ്ട് പുതിയ ക്യാമറ ടെക്നോളജികള്‍. സാംസങിന്റെ ഗ്യാലക്സി എസ്10, ഐഫോണ്‍ ടെന്‍എസ്, ഗൂഗിള്‍ പിക്സല്‍ 3 എന്നിവരുമായി കിടപിടിക്കുന്നതാണ് വാവെയ്യുടെ പുതിയ മോഡലുകള്‍. അടുത്ത മാസം ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഇവ എത്തും.
ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ഈ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കിരിന്‍ 980 പ്രോസസറാണ് അതിലൊന്ന്. ആന്‍ഡ്രോയിഡ് 9 പൈ കേന്ദ്രീകരിച്ചു നിര്‍മിച്ച വാവെയുടെ സ്വന്തം ഇഎംയുഐ 9.1 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. നേരത്തെ പറഞ്ഞത് പോലെ ക്യാമറയിലാണ് ഈ രണ്ട് മോഡലുകളും കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ജര്‍മ്മന്‍ കമ്പനിയായ ലൈക്കയുമായി ചേര്‍ന്നാണ് വാവെയ് തങ്ങളുടെ ക്യാമറ സെറ്റ്അപ് ചെയ്തിരിക്കുന്നത്.
പി30 പ്രോ(ക്യാമറ പ്രത്യേകതകള്‍): ക്വാഡ് ക്യാമറ സെറ്റ് അപാണ് പി30 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. 40 മെഗാപിക്സലിന്റെ പ്രധാന ക്യാമറയോടൊപ്പം സൂപ്പര്‍ സ്പെക്ടര് സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. f/1.6 ആണ് അപേര്‍ച്ചര്‍, 20 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെക്കന്‍ഡറി സെന്‍സര്‍, f/2.2 ആണ് അപേര്‍ച്ചര്‍, എട്ട് മെഗാപിക്സല്‍ ടെലിഫോട്ടോ ക്യാമറ, f/3.4 ആണ് അപേര്‍ച്ചര്‍, ടൈം ഓഫ് ഫ്ളൈറ്റ്(ടി.ഒ.എഫ്) ക്യാമറയാണ് നാലാമത്തേത്.
പി30യിലേക്ക് എത്തുമ്പോള്‍ ടി.ഒ.എഫ് ക്യാമറയുണ്ടാവില്ല. 40 മെഗാപിക്സലിന്റെ പ്രൈമറി സെന്‍സറിന് പുറമെ 16 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സറാണ് രണ്ടാമത്തെ ക്യാമറക്ക്. എട്ട് മെഗാപിക്സലിന്റെതാണ് മൂന്നാമത്തെ ക്യാമറ. ഇതിന്റെ അപേര്ച്ചറുകളിലും മാറ്റമുണ്ടാവും. രണ്ട് മോഡലുകളുടെയും അടിസ്ഥാന വാരിയന്റുകള്‍ക്ക് ഇന്ത്യയില്‍ ഏകദേശം 60,000ത്തിന് മുകളില്‍ വില വരും.