മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുമായി മെസഞ്ചര്‍
വാട്സ്ആപ്പ് ഉൾപ്പടെയുള്ളവയിൽ നേരത്തെ ഈ ഫീച്ചർ ലഭ്യമായിരുന്നു

അയച്ച മെസേജ് തിരിച്ചെടുക്കാവുന്ന ഓപ്ഷനുമായി ഒടുവിൽ ഫെയ്സബുക്ക് മെസേജിംഗ് ആപ്പ് മെസഞ്ചറും. ചൊവ്വാഴ്ച്ച പുറത്തിറക്കിയ പുതിയ ഫീച്ചറിലാണ് അയച്ച മെസേജ് റിമൂവ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
അയച്ച മെസേജ് പത്തു മിനിട്ടിനകം കളയാൻ പറ്റുന്ന തരത്തിലാണ് ഓപ്ഷൻ നിലവിൽ വന്നിരിക്കുന്നത്. മെസേജിന്റെ സ്ഥാനത്ത് മെസേജ് റിമൂവ് ചെയ്തതായുള്ള വിവരമായിരിക്കും മെസേജ് ലഭിക്കേണ്ട വ്യക്തിക്ക്/ഗ്രൂപ്പിന് ലഭിക്കുക.

നേരത്തെ ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്, കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് അയച്ചിരുന്ന സന്ദേശങ്ങൾ അൽപ്പ സമയത്തിനകം ഡിലീറ്റ് ചെയ്യുന്ന രീതിയുണ്ടായിരുന്നു. ടെക് ലോകത്ത് ഇത് ചർച്ചയാവുകയും, ഈയൊരു സൗകര്യം എന്തുകൊണ്ട് മറ്റു യൂസേർസിന് ലഭ്യമാക്കുന്നില്ല എന്നുള്ള തരത്തിൽ വിമർശനം ഉയരുകയുണ്ടായി. ഇതേ തുടർന്ന് ഓപ്ഷൻ കൊണ്ട് വരാൻ മെസഞ്ചറിന് സമ്മർദ്ദമുണ്ടായി.
വാട്സ്ആപ്പ് ഉൾപ്പടെയുള്ളവയിൽ നേരത്തെ ഈ ഫീച്ചർ ലഭ്യമായിരുന്നു. പുതുതായി അപ്ഡേറ്റ് ചെയുന്ന സ്മാർട്ട്ഫോണുകളിൽ റിമൂവ് ഓപ്ഷൻ ലഭ്യമായിരിക്കും. നിലവിൽ ഒരു ബില്യണിലധികം ഉപയോക്താക്കൾ മെസഞ്ചറിനുണ്ടെന്നാണ് കണക്ക്.