LiveTV

Live

Technology

തദ്ദേശവല്‍കരിക്കപ്പെടുന്ന ഇന്റര്‍നെറ്റ് അനുഭവങ്ങള്‍

സാമൂഹിക, രാഷ്ട്രീയ അവസ്ഥകള്‍ക്കനുസരിച്ച് ഇന്ത്യ, ചൈന, ക്യൂബ, റഷ്യ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ വിവരസാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതെങ്ങിനെയെന്ന് പരിശോധിക്കുന്നു 

തദ്ദേശവല്‍കരിക്കപ്പെടുന്ന ഇന്റര്‍നെറ്റ് അനുഭവങ്ങള്‍

സാങ്കേതിക വിദ്യയുടെ പ്രാരംഭകാലം മുതല്‍ ഉല്‍ഘോഷിച്ചു പോന്നിരുന്ന ഒരു വാദമാണ് അവ ആഗോള തലത്തില്‍ തന്നെ കൊണ്ടുവരാന്‍ ഇടയുള്ള സാംസ്കാരികപരമായ ഏകതാനത. പ്രശസ്ത മാധ്യമ ചിന്തകനായ മാര്‍ഷ്യല്‍ മക്‍ലൂഹന്‍ (Marshal McLuhan) വിഭാവനം ചെയ്ത ‘ആഗോള ഗ്രാമ’ (global village) - ത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി പോലും പലരും ഈ വളര്‍ച്ചയെ നോക്കിക്കണ്ടു. എന്നാല്‍ സമകാലിക ലോകത്തെ നവമാധ്യമ സംസ്കാരത്തെ വീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുക അന്താരാഷ്ട്രസീമകള്‍ക്ക് അനുസ്യൂതമായി രൂപം കൊണ്ട് വരുന്ന സമാന്തര സംസ്കാരങ്ങളെയാണ്.

സൈബര്‍ സംസ്കാരം എന്നത് ഒരു ജനതയുടെ സാമൂഹികവും, രാഷ്ട്രീയപരവും, ചരിത്രപരവും ആയ അവസ്ഥകളില്‍ നിന്ന് വേറിട്ട്‌ സങ്കല്‍പ്പിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നാണ് വിവിധ രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് അനുഭവങ്ങള്‍ വിലയിരുത്തിയാല്‍ മനസ്സിലാക്കാന്‍ കഴിയുക. ഇന്ത്യയിലെത്തന്നെ ഇന്റര്‍നെറ്റ് സംസ്കാരം ഇതിനു ഒരുത്തമ ഉദാഹരണം ആണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ‘സ്മാര്‍ട്ട്‌ ഫോണുകള്‍’ വിറ്റഴിക്കപ്പെടുന്നിടമായ ഇവിടം, ‘വാട്ട്സ്ആപ്പ്’ സമൂഹമാധ്യമത്തിനു ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ള രാജ്യമായതും, യാദൃശ്ചികമല്ല. ജനസംഖ്യയുടെ പകുതിയോളം ഇന്നും സാക്ഷരത കൈവരിച്ചിട്ടില്ലെന്നുള്ള വസ്തുത ഇതോടു ചേര്‍ത്ത് വായിക്കേണ്ടുന്ന ഒന്നാണ്. ചിത്രങ്ങളായും, വീഡിയോകളായും, ശബ്ദരേഖകളായും ഈ ജനത ആശയവിനിമയത്തിന് പുതിയ മാനങ്ങള്‍ വെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്നു.

തദ്ദേശവല്‍കരിക്കപ്പെടുന്ന ഇന്റര്‍നെറ്റ് അനുഭവങ്ങള്‍

ഇന്ത്യന്‍ ജനസമൂഹത്തിന്റെ നല്ലൊരു ശതമാനത്തിനു ഇന്ന് ‘ഓണ്‍ലൈന്‍’ അനുഭവമെന്നത് ഇത്തരം ‘വാട്ട്സ്ആപ്പ്’ കൂട്ടായ്മകളും അതില്‍ ഉരുത്തിരിഞ്ഞു വരുന്ന ചര്‍ച്ചാ വിശേഷങ്ങളും ആണ്. ഇതിന്റെ ഒരു സ്വാഭാവിക പരിണിതഫലമാണ് ഉയര്‍ന്നുവരുന്ന വ്യാജവാര്‍ത്തകളും അവ സൃഷ്ടിക്കുന്ന മാരകമായ പ്രത്യാഘാതങ്ങളും. വ്യാജവാര്‍ത്തകളുടെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പോലും രാജ്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ സാക്ഷിയായി. വര്‍ധിച്ചു വരുന്ന ഇത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ അധികൃതര്‍ നിര്‍ബന്ധിതര്‍ ആയിരിക്കുകയാണ്. അതിന്റെ ആദ്യപടിയെന്നോണം ആണ് ‘forward’ സന്ദേശങ്ങളെ മറ്റുള്ള സന്ദേശങ്ങളില്‍ നിന്ന് വ്യക്തമായി വേര്‍തിരിച്ചു അറിയാനുള്ള ‘ലേബലിംഗ്’ സംവിധാനം ഏര്‍പ്പെടുത്തിയത്. സാങ്കേതികവിദ്യയെ ഇന്ത്യന്‍ സാംസ്‌കാരിക ചുറ്റുപാടിന് അനുസ്യുതമായി പരുവപ്പെടുത്തിയെടുക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. ഈ പ്രവണത ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. പല രാജ്യങ്ങളിലും തദ്ദേശീയമായ സൈബര്‍ സംസ്കാരം പരുവപ്പെട്ടു വരുന്നത് കാണാം.

ചൈന

ചൈനയിലെ ഇന്റര്‍നെറ്റ് അനുഭവമെന്നത് മറുരാജ്യക്കാര്‍ക്ക് ഒരു പക്ഷെ ചിന്തിക്കാവുന്നതിലുമപ്പുമാണ്. എണ്‍പത് കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുമായി ലോകത്തില്‍ത്തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഇവര്‍ കുപ്രസിദ്ധിയാര്‍ജിച്ചത് വ്യാപകമായ ‘സെന്‍സറിംഗി’ലൂടെയാണ്. 1990-കള്‍ മുതല്‍ ചൈനയിലെ ഇന്റര്‍നെറ്റ് പുറംരാജ്യങ്ങളില്‍ നിന്നും ‘fire-wall’-നാല്‍ സംരക്ഷിതമാണ്‌. ഗൂഗിള്‍, ഫേസ്ബുക്ക്‌, ട്വിറ്റര്‍, എന്ന് തുടങ്ങി പ്രമുഖ കമ്പനികള്‍ക്ക് എല്ലാം ചൈനയില്‍ വിലക്കാണ്. ഇതിനു പുറമേ വിദേശമാധ്യമങ്ങള്‍ ഒട്ടുമിക്കതും രാജ്യത്തിനകത്തു നിന്നും ഓണ്‍ലൈനില്‍ വായിക്കാന്‍ അസാധ്യമാണ്. ചൈന അവരുടേത് മാത്രമായ ഒരു സൈബര്‍ലോകം കെട്ടിപ്പടുത്തിരിക്കുകയാണ്. സാമൂഹിക മാധ്യമമായാലും, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ‘ആപ്പ്’ ആയാലും, വിനോദസംബന്ധിയായ കാര്യങ്ങളായാലും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളാണ് അവിടെയുള്ളത്. മറുരാജ്യങ്ങളിലെ കച്ചവട ഭീമന്മാരായ ‘യൂബറി’നോ, ‘ആമസോണി’നോ, മുതലായവക്കൊന്നും ചൈനയില്‍ സ്ഥാനമില്ല.

1990-കള്‍ മുതല്‍ ചൈനയിലെ ഇന്റര്‍നെറ്റ് പുറംരാജ്യങ്ങളില്‍ നിന്നും ‘fire-wall’-നാല്‍ സംരക്ഷിതമാണ്‌. ഗൂഗിള്‍, ഫേസ്ബുക്ക്‌, ട്വിറ്റര്‍, എന്ന് തുടങ്ങി പ്രമുഖ കമ്പനികള്‍ക്ക് എല്ലാം ചൈനയില്‍ വിലക്കാണ്. ഇതിനു പുറമേ വിദേശമാധ്യമങ്ങള്‍ ഒട്ടുമിക്കതും രാജ്യത്തിനകത്തു നിന്നും ഓണ്‍ലൈനില്‍ വായിക്കാന്‍ അസാധ്യമാണ്.

വളരെ കര്‍ശനമായ സൈബര്‍ നിയമങ്ങളുള്ള ഒരു നാടാണ് ചൈന. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ മുതല്‍ സേവനദാതാക്കള്‍ വരെ ഓണ്‍ലൈനില്‍ സൃഷ്ടിക്കപെടുന്ന ഓരോ ചലനത്തിനും നിയമപരമായി ഉത്തരം പറയാന്‍ ബാദ്ധ്യസ്ഥരാണ്‌. കത്രിക വെക്കലിന്റെ ആഴം മനസ്സിലാകണമെങ്കില്‍, ഇന്റര്‍നെറ്റ് ഉപഭോക്താക്കളോട് നേരില്‍ സംസാരിക്കണം. തങ്ങള്‍ക്കു ലഭിക്കുന്നത് അധികാരികളുടെ വിവിധതരം കൈകടത്തലുകള്‍ക്ക് ശേഷം ബാക്കിയാവുന്ന വിവരങ്ങള്‍ മാത്രമാണെന്ന ബോധ്യം ഇവിടെ ഭൂരിപക്ഷത്തിനും ഇല്ലെന്നുള്ളതാണ് വസ്തുത. അവര്‍ ഭരണകൂടത്തിന്റെ സെന്‍സറിങ്ങിനോട് കാലക്രമേണ വളരെയധികം താതാത്മ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

തദ്ദേശവല്‍കരിക്കപ്പെടുന്ന ഇന്റര്‍നെറ്റ് അനുഭവങ്ങള്‍

ഭരണകൂടം പൊതുവികാരം നിയന്ത്രിക്കുന്ന കാഴ്ച്ച അത്യന്തം ഭീതിജനകമാണ്. ചൈനീസ് സമൂഹമാധ്യമമായ ‘വീ ചാറ്റി’ല്‍ പ്രശ്നവല്കൃതം എന്ന് ഭരണാധികാരികള്‍ക്ക് തോന്നുന്ന വാക്കുകളും, സംജ്ഞകളും ദിനേനയെന്നോണം വളരെ ലാഘവത്തില്‍ ഒഴിവാക്കപ്പെടും. അതിന്റെ വളരെ സമകാലികമായ ഒരുദാഹരണമാണ്, “പ്രസിഡന്റ്‌ പദവിയുടെ കാലപരിധി” എന്ന ‘സെര്‍ച്’ വിലക്കപ്പെട്ടത്. കാലാവധി കഴിഞ്ഞ പ്രസിഡന്റിന് തന്റെ ഭരണം പ്രതിഷേധങ്ങള്‍ ഒന്നും കൂടാതെ തുടര്‍ന്ന് പോകുന്നതിനു ഇത് സഹായകമായി. മാത്രമല്ല, ജനങളുടെ ഭരണകൂടത്തോടുള്ള നിരാശയോ, പ്രതിഷേധമോ സൂചിപ്പിക്കുന്ന വാക്കുകളും സംജ്ഞകളും വിലക്കപ്പെട്ടു.

അതിന്റെ വളരെ സമകാലികമായ ഒരുദാഹരണമാണ്, “പ്രസിഡന്റ്‌ പദവിയുടെ കാലപരിധി” എന്ന ‘സെര്‍ച്’ വിലക്കപ്പെട്ടത്. കാലാവധി കഴിഞ്ഞ പ്രസിഡന്റിനു തന്റെ ഭരണം പ്രതിഷേധങ്ങള്‍ ഒന്നും കൂടാതെ തുടര്‍ന്ന് പോകുന്നതിനു ഇത് സഹായകമായി

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, വിവരശേഖരണത്തിനും, പുരംലോകംയുള്ള ബന്ധത്തിനും ചില കുറുക്കുവഴികള്‍ പലരും ഉപയോഗിച്ച് വരുന്നുണ്ട്. എഴുത്തുകളും മറ്റും അധികാരികളുടെ കണ്ണില്‍ പെടാതിരിക്കാന്‍, ‘text’ ഫോര്‍മാറ്റിനു പകരം ‘image’ ഫോര്‍മാറ്റില്‍ അത് സുഹൃത്തുക്കളുമായി പങ്കുവെക്കാറുണ്ട്. ചിലര്‍ ഇത്തരം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുള്ള എഴുത്തുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെക്കാതിരിക്കുകയും, അതേസമയം സുഹൃത്തുക്കളുമായി നേരില്‍ കണ്ടു സംവദിക്കുമ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നുണ്ട്.

ക്യൂബ

ഒരു പക്ഷെ ലോകത്തില്‍ തന്നെ ഏറ്റവും വിചിത്രമായ ഇന്റര്‍നെറ്റ് അനുഭവമായിരിക്കും ക്യൂബന്‍ ജനതയുടെത്. അമേരികയുടെ കടുത്ത സാമ്പത്തിക ഉപരോധം നേരിടുന്ന രാജ്യമായ ക്യൂബയില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണെങ്കിലും കനത്ത തുകയാണ് ഈടാക്കുന്നത്. രാജ്യത്ത് 700-ഓളം വൈഫൈ പാര്‍ക്കുകള്‍ ഉണ്ടെങ്കിലും, ഒരു മണിക്കൂര്‍ നേരത്തെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ചെലവ് അവിടുത്തെ ഒരു ശരാശരി പൗരന്റെ ദിവസ വേതനത്തോളം വരും. അത് കൊണ്ട് തന്നെ പലരും വളരെ അപൂര്‍വമായേ ഇന്റര്‍നെറ്റ് ഉപയോഗിക്കാറുള്ളു.

തദ്ദേശവല്‍കരിക്കപ്പെടുന്ന ഇന്റര്‍നെറ്റ് അനുഭവങ്ങള്‍

എന്നിരുന്നാലും, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇവര്‍ക്ക് മറ്റൊരു രൂപത്തില്‍ ലഭ്യമാണ്. ബഹുഭൂരിപക്ഷം ക്യൂബന്‍ ജനതക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഒരു ‘ഓഫ്‌ലൈന്‍’ അനുഭവമാണ്‌. ഓരോ വ്യക്തികള്‍ക്കും ആവശ്യമായ, ഇന്റര്‍നെറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ വീഡിയോകളും, ചിത്രങ്ങളും, സംഗീതങ്ങളും, സീരിയലുകളും, മാസികകളുടെ പി.ഡി.എഫ് കോപ്പികളും ഹാര്‍ഡ് ഡ്രൈവുകളില്‍ ഭദ്രമായി ആവശ്യാനുസരണം എത്തിച്ചു കൊടുക്കുന്ന സേവനം അവിടെ വ്യാപകമാണ്. ഇവയ്ക്കു പുറമേ, മറ്റു രാജ്യങ്ങളില്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടുന്ന ‘ആപ്പ്’-കളും മറ്റും ഇവിടത്തുകാര്‍ ‘ഹാര്‍ഡ് ഡ്രൈവി’ല്‍ നിന്നും ‘കോപ്പി’ ചെയ്യാറാണ് പതിവ്.

ഓരോ വ്യക്തികള്‍ക്കും ആവശ്യമായ, ഇന്റര്‍നെറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ വീഡിയോകളും, ചിത്രങ്ങളും, സംഗീതങ്ങളും, സീരിയലുകളും, മാസികകളുടെ പി.ഡി.എഫ് കോപ്പികളും ഹാര്‍ഡ് ഡ്രൈവുകളില്‍ ഭദ്രമായി ആവശ്യാനുസരണം എത്തിച്ചു കൊടുക്കുന്ന സേവനം അവിടെ വ്യാപകമാണ്

ഇതെല്ലാം തീര്‍ച്ചയായും നിയമവിധേയമായി നടക്കുന്ന ഒരു സംഗതിയല്ല. ‘ഹാര്‍ഡ് ഡ്രൈവുകള്‍’ എത്തിച്ചു കൊടുക്കുന്ന സേവനദാതാക്കള്‍ക്ക് ഇവയെല്ലാം എവിടെ നിന്നും ലഭ്യമാകുന്നു എന്നുള്ളതും തീര്‍ച്ചയില്ലാത്ത കാര്യമാണ്. എന്നിരിക്കിലും, പൊതുവേ പറയുന്ന കിംവദന്തിയെന്തെന്നാല്‍, ഇവ ഗവണ്‍മെന്റ് കാര്യാലയങ്ങളില്‍ നയതന്ത്രപരമായ ആവശ്യങ്ങള്‍ക്കുള്ള ഇന്റര്‍നെറ്റ് അനൗദ്യോഗികമായി ഉപയോഗിച്ച് ‘ഡൌണ്‍ലോഡ്’ ചെയ്യപ്പെടുന്നവയാണെന്നാണ്.

റഷ്യ

റഷ്യയിലെ ഇന്റര്‍നെറ്റ് രംഗം ആഗോള കുത്തകകളും, തദ്ദേശീയ കമ്പനികളും തമ്മില്‍ ഉപഭോക്താക്കള്‍ക്കായി നടത്തുന്ന ഒരു മല്‍പ്പിടുത്തമായാണ് അനുഭവപ്പെടുക. ചൈനീസ് സര്‍ക്കാറിനെ പോലെ വിദേശ കമ്പനികളെ പരക്കെ വിലക്കിയിട്ടില്ലെങ്കിലും, തദ്ദേശ കമ്പനികളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള നയപരിപടികളാണ് ഫലത്തില്‍ അവര്‍ പുലര്‍ത്തിപ്പോരുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഈ പിന്തുണയുപയോഗിച്ചു പല ആഗോളഭീമന്‍മാരെയും മലര്‍ത്തിയടിക്കാന്‍ തദ്ദേശകമ്പനികള്‍ക്കായി. ‘ഓണ്‍ലൈന്‍ ടാക്സി’ സേവന രംഗത്തില്‍ ആഗോളതലത്തില്‍ മുന്നില്‍ നില്‍ക്കുന്ന ‘യൂബറി’-നു റഷ്യയില്‍ ‘yandex.taxi’-ക്കു മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു.

ആധുനിക ദേശരാഷ്ട്രങ്ങളുടെ നട്ടെല്ലായ, പൗരന്മാരെ സംബന്ധിച്ചുള്ള സൂക്ഷ്മവിവരങ്ങള്‍ അടങ്ങിയ ‘ബിഗ്‌-ഡാറ്റ’-കള്‍ വിദേശരാജ്യങ്ങളിലുള്ള ‘സെര്‍വര്‍’-കളില്‍ ശേഖരിക്കപ്പെടുന്നതിനോടുള്ള ആശങ്കയും ഇതിലുണ്ട്

റഷ്യ തുടരുന്ന ഈ നയത്തിന് പിന്നില്‍ കേവലം സാമ്പത്തിക താല്പര്യങ്ങള്‍ മാത്രമല്ല ഉള്ളത്. മറിച്ചു, ആധുനിക ദേശരാഷ്ട്രങ്ങളുടെ നട്ടെല്ലായ, പൗരന്മാരെ സംബന്ധിച്ചുള്ള സൂക്ഷ്മവിവരങ്ങള്‍ അടങ്ങിയ ‘ബിഗ്‌-ഡാറ്റ’-കള്‍ വിദേശരാജ്യങ്ങളിലുള്ള ‘സെര്‍വര്‍’-കളില്‍ ശേഖരിക്കപ്പെടുന്നതിനോടുള്ള ആശങ്കയും ഇതിലുണ്ട്. ചൈനയുടെ അത്ര ഭീകരമല്ലെങ്കിലും, പോലീസിനും അധികാരികള്‍ക്കും, സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്ന ഉള്ളടക്കതിലേക്ക് പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ട്. കുഴപ്പമുളവാക്കുന്നതെന്നു അവര്‍ക്ക് തോന്നുന്ന പക്ഷം നടപടിയെടുക്കുന്നതിന് യാതൊരു നിയമതടസ്സവുമില്ല. ഇത് ഇന്‍റര്‍നെറ്റിലെ സ്വകാര്യതയെക്കുറിച്ചു കാര്യമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

തദ്ദേശവല്‍കരിക്കപ്പെടുന്ന ഇന്റര്‍നെറ്റ് അനുഭവങ്ങള്‍

മേല്‍ സൂചിപ്പിച്ച ഇന്റര്‍നെറ്റ് അനുഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വളരെയധികം വൈവിധ്യങ്ങള്‍ പുലര്‍ത്തുന്ന ഒരു സൈബര്‍ലോകത്തിലേക്കാണ്. പലരും കരുതുന്ന പോലെ വിവരസാങ്കേതികവിദ്യ എല്ലാ സമൂഹത്തിലും സമാനമായ മുന്നേറ്റങ്ങള്‍ അല്ല നടത്തുന്നത്. മറിച്ചു ഓരോ സമൂഹവും അവരുടെ സാമൂഹിക, രാഷ്ട്രീയ അവസ്ഥകള്‍ക്ക് അനുസ്യൂതമായി സാങ്കേതികവിദ്യയെ പരിവര്‍ത്തിപ്പിക്കുന്ന ഒരു കാഴ്ചയാണ് കാണാന്‍ കഴിയുന്നത്‌. ‘സൈബര്‍ സംസ്കാരം’ എന്നത് ഏകവചനരൂപത്തില്‍ അവതരിപ്പിക്കുന്നതിലെ അസാംഗത്യവും ഇവിടെ വെളിപ്പെടുന്നു.

തയ്യാറാക്കിയത്: ശുഹൈബ് ഷാഫി | കടപ്പാട്: ദ ഗാര്‍ഡിയന്‍