LiveTV

Live

Technology

ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയായി ‘ബൈജൂസ്’  

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്. 360 കോടി ഡോളറി (ഏകദേശം 26,000 കോടി)ന്റെ മൂല്യമാണ് കമ്പനിക്കുള്ളത്.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയായി ‘ബൈജൂസ്’  

മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച എഡ്യുക്കേഷന്‍ ടെക്നോളജി കമ്പനിയായ 'ബൈജൂസ്' ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്യുക്കേഷന്‍ ടെക് (എഡ്ടെക്) കമ്പനിയായി മാറി. ആഗോള ഇന്റര്‍നെറ്റ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയും പ്രമുഖ ടെക്നോളജി നിക്ഷേപകരുമായ നാസ്പേഴ്സും കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡും (സി.പി.പി.ഐ.ബി.) ചേര്‍ന്ന് കമ്പനിയില്‍ 54 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയതിനെ തുടര്‍ന്നാണിത്. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്. 360 കോടി ഡോളറി (ഏകദേശം 26,000 കോടി)ന്റെ മൂല്യമാണ് കമ്പനിക്കുള്ളത്. ഫ്ളിപ്കാര്‍ട്ട്, പേടിഎം, ഒല, ഓയോ റൂംസ് എന്നിവയാണ് മൂല്യത്തില്‍ ബൈജൂസിനു മുന്നില്‍.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയായി ‘ബൈജൂസ്’  

2015-ലാണ് കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപിക്കുന്നത്. ഇപ്പോള്‍ നാലു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ആപ്പിലൂടെ ശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ പഠന സഹായം നല്‍കുന്നു. ഫേസ്ബുക്ക് ഏഷ്യയില്‍ ആദ്യമായി നിക്ഷേപം നടത്തിയ സംരംഭം എന്ന നിലയിലും ബൈജൂസ് ശ്രദ്ധേയമാണ്. കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ 12 വരെയുള്ള കുട്ടികളുടെ പഠനം ലളിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആപ്പിന് വന്‍സ്വീകാര്യതയാണ് ഇന്ത്യയില്‍.

സുഹൃത്തുക്കള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നടത്തിത്തുടങ്ങിയ യാത്രയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പഠനസഹായി എന്ന ശൃംഖലയുടെ അധിപനായി ബൈജുവിനെ എത്തിച്ചത്. കണ്ണൂര്‍ ജില്ലയിലെ അഴിക്കോട്ടുകാരന്‍ ഇന്ന് നിരവധി വിദ്യാര്‍ഥികളുടെ ആശാകേന്ദ്രമായിരിക്കുന്നു. അധ്യാപകന്‍, മികച്ച സംരംഭകന്‍ എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്ക് ബൈജുവിനെ വിശേഷിപ്പിക്കാം. വിഷയങ്ങളെ മറ്റുള്ളവര്‍ക്ക് മനസിലാക്കുന്ന തരത്തില്‍ ലളിതമായി പറഞ്ഞുനല്‍കാനുള്ള തന്റെ കഴിവാണ് ബൈജുവിന് അനുഗ്രഹമായത്. ഇതിന് അദ്ദേഹം നന്ദി പറയുന്നത് തന്റെ മാതാപിതാക്കളോടാണ്. അഴിക്കോട്ടെ സാധാരണ സ്‌കൂളില്‍ സര്‍ക്കാര്‍ സിലബസില്‍ പഠിച്ച സ്പോര്‍ട്സില്‍ അതീവ കമ്പക്കാരനായ ബൈജു രവീന്ദ്രന് അധ്യാപകരായ മാതാപിതാക്കള്‍ പഠിപ്പിച്ച രീതി മറ്റു കുട്ടികള്‍ക്ക് കൂടി സഹായകരമായ തരത്തില്‍ പരിഷ്‌കരിക്കുക മാത്രമാണ് ചെയ്തതെന്ന് ബൈജു പറയും.

മാതാപിതാക്കളില്‍ നിന്ന് തനിക്ക് ഈ കഴിവ് പകര്‍ന്ന് കിട്ടിയിട്ടുണ്ട് എന്ന് ബൈജു രവീന്ദ്രന്‍ തിരിച്ചറിഞ്ഞത് 2003ലാണ്. പഠനകാലത്ത് ബൈജുവിന് ഏതൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയേയും പോലെ ഒരു എഞ്ചിനിയറാവുക എന്നതായിരുന്നു ആഗ്രഹം. അത് നിറവേറ്റുന്നതിനായി അദ്ദേഹം വളരെ പരിശ്രമിക്കുകയും ചെയ്തിരുന്നു. ആഗ്രഹം സഫലമായി ജോലിയും ലഭിച്ചു.

വിദേശത്ത് ഐ.ടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. അങ്ങനെ ഇരിക്കെ 2003 ല്‍ ബാംഗ്ലൂരില്‍ വച്ച് അവധിക്കാലം ചിലവിടുന്നതിനിടയില്‍ തന്റെ ചില സുഹൃത്തുക്കളെ ഐഐഎം പ്രവേശന പരീക്ഷയായ കാറ്റ് (CAT)എഴുതുന്നതിനുള്ള പഠനരീതികള്‍ പരിശീലിപ്പിക്കുക ഉണ്ടായി. ബൈജുവിന്റെ രീതി പിന്തുടര്‍ന്ന സുഹൃത്തുക്കള്‍ പ്രവേശനപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയതോടെയാണ് തന്റെ വഴി ബൈജു തിരിച്ചറിഞ്ഞത്.