LiveTV

Live

Technology

ടൈറ്റാനിക്കിനെ കണ്ടെത്താന്‍ യു.എസ് നേവി പണം മുടക്കിയതിന് പിന്നിലെ സൈനിക രഹസ്യം

പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു റോബര്‍ട്ട്. ഇക്കാര്യമറിഞ്ഞ അമേരിക്കന്‍ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് റൊണാള്‍ഡ് തുന്‍മാനാണ് പുതിയ നിര്‍ദ്ദേശം വെച്ചത്.

ടൈറ്റാനിക്കിനെ കണ്ടെത്താന്‍ യു.എസ് നേവി പണം മുടക്കിയതിന് പിന്നിലെ സൈനിക രഹസ്യം

കടലില്‍ മുങ്ങിയ ടൈറ്റാനികിനെ കണ്ടെത്താനുള്ള ദൗത്യത്തിന് അമേരിക്കന്‍ നാവിക സേന പണം മുടക്കിയത് സോവിയറ്റ് യൂണിയന്റെ കണ്ണില്‍ പൊടിയിടാനായിരുന്നെന്ന് വെളിപ്പെടുത്തല്‍. ടൈറ്റാനിക്കിനെ കണ്ടെത്താനെന്ന പേരില്‍ നടത്തിയ ദൗത്യത്തിന്റെ മറവില്‍ മറ്റു രണ്ട് അതീവ രഹസ്യമുള്ള സൈനിക ദൗത്യങ്ങള്‍ കൂടിയാണ് അമേരിക്ക നടത്തിയെടുത്തത്.

1912 ഏപ്രില്‍ 15നാണ് ഉത്തര അത്‌ലാറ്റിക് സമുദ്രത്തില്‍ മഞ്ഞുമലയിലിടിച്ച് ടൈറ്റാനിക് എന്ന ആഢംബര കപ്പല്‍ മുങ്ങിയത്. കടലിന്റെ അടിത്തട്ടില്‍ നിത്യവിശ്രമത്തിലായിരുന്ന ടൈറ്റാനിക്കിനെ 1985ല്‍ റോബര്‍ട്ട് ബെല്ലാര്‍ഡിന്റെ നേതൃത്വത്തിലുള്ള ടീം കണ്ടെത്തുകയായിരുന്നു. ആ കണ്ടെത്തലിന് പണം മുടക്കിയതാകട്ടെ അമേരിക്കന്‍ നാവികസേനയും.

ടൈറ്റാനിക്കിനെ കണ്ടെത്താന്‍ യു.എസ് നേവി പണം മുടക്കിയതിന് പിന്നിലെ സൈനിക രഹസ്യം
റോബര്‍ട്ട് ബെല്ലാര്‍ഡ്

അമേരിക്കന്‍ നാവിക സേനയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്നു റോബര്‍ട്ട് ബെല്ലാര്‍ഡ്. സമുദ്രാന്തര്‍ഭാഗത്ത് നിരീക്ഷണം നടത്താന്‍ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം അദ്ദേഹം നിര്‍മ്മിച്ചിരുന്നു. എന്നാല്‍ തന്റെ പരീക്ഷണങ്ങള്‍ക്കും സമുദ്ര പര്യവേഷണങ്ങള്‍ക്കും ആവശ്യമായ പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു റോബര്‍ട്ട്. ഇക്കാര്യമറിഞ്ഞ അമേരിക്കന്‍ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് റൊണാള്‍ഡ് തുന്‍മാനാണ് പുതിയ നിര്‍ദ്ദേശം വെച്ചത്.

റോബര്‍ട്ട് ബെല്ലാര്‍ഡിന്റെ ജീവിതലക്ഷ്യം തന്നെ അത്‌ലാറ്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ടൈറ്റാനിക് കപ്പലിനെ കണ്ടെത്തുകയായിരുന്നു. 'നിങ്ങള്‍ക്ക് ടൈറ്റാനിക് കണ്ടെത്താനുള്ള പണം അനുവദിക്കാം. എന്നാല്‍ 1960കളില്‍ അറ്റ്‌ലാന്റികില്‍ മുങ്ങിപ്പോയ രണ്ട് അമേരിക്കന്‍ ആണവമുങ്ങിക്കപ്പലുകള്‍ കൂടി കണ്ടെത്തണം' എന്നതായിരുന്നു നിര്‍ദ്ദേശവും വാഗ്ദാനവും. തുന്‍മാന്റെ ഈ വാഗ്ദാനം സ്വീകരിച്ച റോബര്‍ട്ട് പര്യവേഷണം ആരംഭിക്കുകയായിരുന്നു.

1963 ഏപ്രില്‍ 10നാണ് യുഎസ്എസ് ട്രഷര്‍ ബോസ്റ്റണില്‍ നിന്നും 200 മൈല്‍ അകലെ വെച്ച് കാണാതാവുന്നത്. മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്ന 129പേരും മരിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം യുഎസ്എസ് സ്‌കോര്‍പിയണ്‍ എന്ന മറ്റൊരു ആണവ മുങ്ങിക്കപ്പലും അറ്റ്‌ലാറ്റികില്‍ വെച്ച് കാണാതായി. സ്‌കോര്‍പിയണിലുണ്ടായിരുന്ന 99 നാവികര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. ഈ രണ്ട് മുങ്ങിക്കപ്പലുകളും കണ്ടെത്തണം. എങ്കില്‍ ടൈറ്റാനിക് കണ്ടെത്താനും സഹായിക്കാമെന്നതായിരുന്നു വാഗ്ദാനമെന്ന് ബെല്ലാര്‍ഡ് പറയുന്നു. ടൈറ്റാനിക്കിനായുള്ള പര്യവേഷണം ഈ രണ്ട് മുങ്ങിക്കപ്പലുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുറത്തുവരാതിരിക്കാന്‍ വേണ്ടിയായിരുന്നു.

ബെല്ലാര്‍ഡും സംഘവും അമേരിക്കന്‍ നാവിക സേനക്കുവേണ്ടി ട്രെഷര്‍, സ്‌കോര്‍പിയണ്‍ മുങ്ങിക്കപ്പലുകള്‍ കണ്ടെത്തുന്നതില്‍ വിജയിക്കുക തന്നെ ചെയ്തു. എന്നാല്‍ വിചാരിച്ചതിലും കൂടുതല്‍ സമയം അവര്‍ക്കതിന് ചെലവഴിക്കേണ്ടിവന്നു. അത് ആശങ്ക കൂട്ടിയെങ്കിലും എട്ട് ദിവസത്തിനുള്ളില്‍ അവര്‍ ടൈറ്റാനികിനെ അറ്റ്‌ലാന്റികിന്റെ അടിത്തട്ടില്‍ കണ്ടെത്തുക തന്നെ ചെയ്തു. പിന്നീട് നാല് ദിവസങ്ങള്‍ മാത്രമാണ് ദൗത്യത്തിനായി ശേഷിച്ചിരുന്നത്. പലരും മാസങ്ങള്‍ ശ്രമിച്ചിട്ടും സാധിക്കാതിരുന്ന കാര്യം എട്ട് ദിവസത്തില്‍ കണ്ടെത്തിയത് തന്നെ ചരിത്രനേട്ടമായി. പിന്നീടുള്ള സമയം കടലിനടിയിലെ ടൈറ്റാനിക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാണ് ഇവര്‍ ചിലവഴിച്ചത്.

ടൈറ്റാനിക്കിനെ കണ്ടെത്തിയപ്പോള്‍ താനടക്കമുള്ള സംഘാംഗങ്ങള്‍ ഏറെ സന്തോഷിച്ചെങ്കിലും വൈകാതെ അത് നിശബ്ദക്കും വിഷമത്തിനും വഴിമാറിയെന്നും ബെല്ലാര്‍ഡ് ഓര്‍ക്കുന്നു. സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് 2400 പേരുമായി യാത്ര തിരിച്ച ടൈറ്റാനിക്ക് വഴിമധ്യേ മുങ്ങിയപ്പോള്‍ ജീവന്‍ നഷ്ടമായത് 1500ലേറെ പേര്‍ക്കാണ്. ഈ ഓര്‍മ്മകളുള്ളതിനാല്‍ അതീവ ബഹുമാനത്തോടെ മാത്രമാണ് പര്യവേഷണ സംഘം ടൈറ്റാനികിനെ സമീപിച്ചത്. കപ്പലില്‍ നിന്നും യാതൊന്നും തന്നെ എടുക്കരുതെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും റോബര്‍ട്ട് ബെല്ലാര്‍ഡ് പറയുന്നു.