ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഫെയ്സ്ബുക്ക്; പുതിയ ഫീച്ചര്‍ വരുന്നു
‘ഫെയ്സ്ബുക്ക് ജേർണലിസം’ എന്ന പുതിയ മേഖലയുടെ സാധ്യതയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്

പ്രാദേശിക ചുറ്റുപാടുകൾക്ക് കൂടുതൽ പ്രാധ്യന്യം നൽകിക്കൊണ്ടുള്ള ഫീച്ചറുമായി ഫെയ്സ്ബുക്ക് വരുന്നു. ചുറ്റുവട്ടങ്ങളിലെ വാർത്തകളും, പ്രധാനപ്പെട്ട അറിയിപ്പുകളും ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നത്. മാധ്യമ രംഗത്തും വലിയ ചലനം സൃഷ്ടിക്കാൻ ഉതകുന്ന തരത്തിലായിരിക്കും പുതിയ ഫീച്ചർ എത്തുന്നത്. നിലവിൽ അമേരിക്കയുടെ വിവിധ നഗരങ്ങളിൽ ആരംഭിച്ചിട്ടുള്ള സംവിധാനം വിപുലീകരിച്ച് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപിക്കാനാണ് ഫെയ്സ്ബുക്ക് തീരുമാനിച്ചിട്ടുള്ളത്.

‘ടുഡേ ഇൻ’ എന്ന സേവനമാണ് ഇതിനായി ആരംഭിക്കുന്നത്. അതാത് പ്രദേശങ്ങളിലെ സാമൂഹ്യ കൂട്ടായ്മകൾ, സർക്കാർ-സർക്കാറിതര ബോഡികൾ, വാർത്താ വിഭാഗങ്ങൾ എന്നിവയിൽ നിന്നുമുള്ള വിവരങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ എത്തിക്കുകയാണ് ലക്ഷ്യം. അപകട വിവരങ്ങൾ, പ്രത്യേക അറിയിപ്പുകൾ, റോഡ് വിവരങ്ങൾ, ക്രെെം റിപ്പോർട്ടുകൾ, സ്കൂൾ അറിയിപ്പുകൾ എന്നിവ ഇതിന്റെ ഭാഗമായി ഫെയ്സ്ബുക്കില്‍ നിന്ന് ലഭ്യമായി തുടങ്ങും.

നിലവിൽ പോസ്റ്റുകൾ ഇടുന്നതിന് ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്ന രീതി ഫെയ്സ്ബുക്കിനില്ല. എന്നാൽ ‘ടുഡേ ഇൻ’ ഫീച്ചർ വരുന്നതോടെ ഇതിൽ പുതിയ മാറ്റങ്ങൾക്ക് വഴി വെച്ചേക്കാം. ‘ഫെയ്സ്ബുക്ക് ജേർണലിസം’ എന്ന പുതിയ മേഖലയുടെ സാധ്യതയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. ഈ വർഷാദ്യം അമേരിക്കയിലെ ആറു നഗരങ്ങളിൽ അവതരിപ്പിച്ച ‘ടുഡേ ഇൻ’ പിന്നീട് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.