LiveTV

Live

Technology

കുട്ടികള്‍ ഇനി വാട്സ്ആപ് ഉപയോഗിക്കേണ്ട; പ്രായപരിധി ഉയര്‍ത്താന്‍ ഫേസ്‍ബുക്ക്

കുട്ടികള്‍ ഇനി വാട്സ്ആപ് ഉപയോഗിക്കേണ്ട; പ്രായപരിധി ഉയര്‍ത്താന്‍ ഫേസ്‍ബുക്ക്
Summary
അടുത്തമാസം മുതല്‍ തീരുമാനം പ്രാബല്യത്തിലാകും.

യൂറോപ്പില്‍ വാട്സ് ആപ്പ് ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്താന്‍ നീക്കം. നിലവില്‍ 13 വയസാണ് പ്രായപരിധി. ഇത് 16 ആക്കി ഉയര്‍ത്തും. അടുത്തമാസം മുതല്‍ തീരുമാനം പ്രാബല്യത്തിലാകും.

ഒന്നര മില്യണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും പ്രചാരമുള്ള വാട്സ്ആപ്പ് തങ്ങളുടെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിലവില്‍ യൂറോപ്പില്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ അനുമതിയുള്ളത് 13 വയസ് പൂര്‍ത്തിയായവര്‍ക്കാണ്. എന്നാലിത് 16 ആയി ഉയര്‍ത്താനാണ് ഫേസ്ബുക്ക് തീരുമാനം. യൂറോപ്യന്‍ യൂണിയനില്‍ അടുത്തമാസം മുതല്‍ പുതിയ ഡേറ്റാ സ്വകാര്യതാ നിയന്ത്രണം കൊണ്ടുവരുന്നതിന് മുന്നോടിയായാണ് തീരുമാനം. 16 വയസുകഴിഞ്ഞവരാണെന്ന വിവരം സ്ഥിരീകരിക്കാനുള്ള സംവിധാനം അടുത്തയാഴ്ച മുതല്‍ വാട്‌സാപ്പില്‍ ലഭ്യമാകുമെന്നും ഫേസ്‍ബുക്ക് അറിയിച്ചു.

എന്നാല്‍ പ്രായം സംബന്ധിച്ച് ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് എങ്ങനെയാണ് പരിശോധിക്കുക എന്ന വിവരം ഫേസ്‍ബുക്ക് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ വയസ് വാട്സ് ആപ്പ് ആവശ്യപ്പെടുകയോ അത് കണ്ടെത്താനായി അവരുടെ ഫേസ്‍ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൌണ്ട് വിവരങ്ങള്‍ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. ബ്രിട്ടനില്‍ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ മൂന്നിലൊരു ഭാഗവും വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് 2017-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.