അടിസ്ഥാന വില 20 ലക്ഷം; പഞ്ചാബ് സ്വന്തമാക്കിയത് 5.25 കോടിക്ക്, ഇത് തമിഴ്നാടിന്റെ ഷാറൂഖ് ഖാന്
തമിഴ്നാട് വെടിക്കെട്ട് ബാറ്റ്സ്മാന് ഷാറൂഖ് ഖാനെ ടീമിലെത്തിച്ച് പഞ്ചാബ് കിങ്സ്. 25കാരനായ ഷാറൂഖ് ഖാനെ 5.25 കോടി കൊടുത്താണ് പ്രീതി സിന്‍ഡയുടെ ടീം ആയ പഞ്ചാബ് സ്വന്തമാക്കുന്നത്.
തമിഴ്നാട് വെടിക്കെട്ട് ബാറ്റ്സ്മാന് ഷാറൂഖ് ഖാനെ ടീമിലെത്തിച്ച് പഞ്ചാബ് കിങ്സ്. 25കാരനായ ഷാറൂഖ് ഖാനെ 5.25 കോടി കൊടുത്താണ് പ്രീതി സിന്‍ഡയുടെ ടീം ആയ പഞ്ചാബ് സ്വന്തമാക്കുന്നത്. 20 ലക്ഷമായിരുന്നു ഷാറൂഖ് ഖാന്റെ അടിസ്ഥാന വില. ഇതുവരെ ഇന്ത്യന്‍ ടീമിലെത്തിയിട്ടില്ല. 2014ലാണ് ഷാറൂഖ് തമിഴ്നാടിനായി ടി20യില്‍ അരങ്ങേറുന്നത്. 31 ടി20കളില്‍ നിന്നായി 293 റണ്‍സെ താരം നേടിയിട്ടുള്ളൂ. 131.39 ആണ് സ്ട്രൈക്ക് റേറ്റ്. ഈ സ്ട്രൈക്ക് റൈറ്റില്‍ കണ്ണുവെച്ചാണ് ഷാറൂഖ് ഖാനെ പഞ്ചാബ് റാഞ്ചുന്നത്. ഷാറൂഖ് ഖാനായി മറ്റു ടീമുകളും രംഗത്തുണ്ടായിരുന്നു.
ടി20കള്‍ക്ക് പുറമെ തമിഴ്നാടിന് വേണ്ടി ഏതാനും ആഭ്യന്തര മത്സരങ്ങളിലും താരം ബാറ്റേന്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഹിമാചല്‍പ്രദേശിനെതിരായ മത്സരത്തില്‍ 19 പന്തില്‍ 40 റണ്‍സ് നേടി ശ്രദ്ധ നേടിയിരുന്നു. അഞ്ച് ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ഷാറൂഖിന്റെ ആ ഇന്നിങസ് . അവസാന ഓവറുകളില്‍ സ്കോര്‍ ഉയര്‍ത്താന്‍ ഷാറൂഖ് ഖാനെപ്പോലൊരു ബാറ്റ്സ്മാന് കഴിയും എന്ന വിലയിരുത്തലിലാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കുന്നത്. 14 കോടി നല്കി ആസ്ട്രേലിയന്‍ പേസര്‍ ജൈ റിച്ചാഡ്സണെ ടീമിലെത്തിച്ചതാണ് പഞ്ചാബിന്റെ ശ്രദ്ധേയ നീക്കം.
ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ റെക്കോര്‍ഡ് തുകയ്ക്കാണ് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്. 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മോറിസിനെ 16.25 കോടിക്കാണ് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സായിരുന്നു മോറിസിനായി ആദ്യ രംഗത്ത് എത്തിയത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും താരത്തിനായി രംഗത്ത് എത്തിയതോടെ ലേലം മുറുകി. ഒടുവില്‍ വമ്പന്‍ വില കൊടുത്ത് മോറിസിനെ രാജസ്ഥാനാണ് ടീമിലെത്തിച്ചത്. ഇതിന് മുമ്പ് ഇന്ത്യന്‍ താരം യുവരാജ് സിങിനായിരുന്നു റെക്കോര്‍ഡ് തുക. 16 കോടിയായിരുന്നു യുവരാജിന് ലഭിച്ചിരുന്നത്. അന്ന് ഇത്രയും തുക കൊടുത്ത് യുവരാജിനെ ടീമിലെത്തിച്ചത് ഡല്‍ഹി കാപ്പിറ്റല്സായിരുന്നു.