അലിയെ ചെന്നൈ കുപ്പായമിടീച്ച് ഫാന്‍സ്; ഇനി 'തല'ക്കൊപ്പം
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മുഈന്‍ അലിയെ ചെന്നൈ സൂപ്പര്‍കിങ്സ് സ്വന്തമാക്കി. 7 കോടിക്കാണ് അലിയെ ചെന്നൈ ടീമിലെത്തിച്ചത്.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മുഈന്‍ അലിയെ ചെന്നൈ സൂപ്പര്‍കിങ്സ് സ്വന്തമാക്കി. 7 കോടിക്കാണ് അലിയെ ചെന്നൈ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു അലിയുടെ അടിസ്ഥാന വില. പഞ്ചാബ് കിങ്സും ചെന്നൈ സൂപ്പര്കിങ്സുമായിരുന്നു അലിക്കായി രംഗത്തുണ്ടായിരുന്നത്. ഒടുവില്‍ അലി ചെന്നൈ ക്യാമ്പിലെത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലായിരുന്നു മുഈന്‍ അലി. മികച്ച പ്രകടനം പുറത്തെടുക്കാന്‍ അലിക്കായിരുന്നില്ല. അതിനാല്‍ അലിയെ ബാംഗ്ലൂര്‍ ക്യാമ്പ് ലേലത്തിന് വിട്ടുകൊടുക്കുകയായിരുന്നു.
ഇന്ത്യക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റ് വീഴ്ത്തി അലി മികവ് പുറത്തെടുത്തിരുന്നു. രണ്ടാം ഇന്നിങ്സില്‍ 18 പന്തില്‍ 43 റണ്‍സെടുത്ത് ബാറ്റ്കൊണ്ടും അലി തിളങ്ങി. ഈ ഇന്നിങ്സ് ഐപിഎല്‍ ലേലം കണ്ടുള്ള വെടിക്കെട്ടാണന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ സജീവമായിരുന്നു. അലിയെ ചെന്നൈ സ്വന്തമാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും തിളങ്ങി. ചെന്നൈ ആരാധകര്‍ അലിയെ ടീമിലേക്ക് സ്വാഗതം ചെയ്തുള്ള ട്വീറ്റുകളും സജീവമായി. ഏതായാലും ഇംഗ്ലണ്ട് റൊട്ടേഷന്‍ പോളിസിയുടെ ഭാഗമായി താരം ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്.ചെന്നൈ ടെസ്റ്റിന് പിന്നാലെ അലി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ റെക്കോര്‍ഡ് തുകയ്ക്കാണ് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്. 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മോറിസിനെ 16.25 കോടിക്കാണ് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സായിരുന്നു മോറിസിനായി ആദ്യ രംഗത്ത് എത്തിയത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും താരത്തിനായി രംഗത്ത് എത്തിയതോടെ ലേലം മുറുകി. ഒടുവില്‍ വമ്പന്‍ വില കൊടുത്ത് മോറിസിനെ രാജസ്ഥാനാണ് ടീമിലെത്തിച്ചത്. ഇതിന് മുമ്പ് ഇന്ത്യന്‍ താരം യുവരാജ് സിങിനായിരുന്നു റെക്കോര്‍ഡ് തുക. 16 കോടിയായിരുന്നു യുവരാജിന് ലഭിച്ചിരുന്നത്. അന്ന് ഇത്രയും തുക കൊടുത്ത് യുവരാജിനെ ടീമിലെത്തിച്ചത് ഡല്‍ഹി കാപ്പിറ്റല്സായിരുന്നു.