കൂടുമാറി കൂടുമാറി ഹര്ഭജന് ഇനി കൊല്‍ക്കത്തയില്‍
ആദ്യ ഘട്ടത്തില്‍ ആരും എടുക്കാതിരുന്ന മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങിനെ രണ്ടാം ഘട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.

ആദ്യ ഘട്ടത്തില്‍ ആരും എടുക്കാതിരുന്ന മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങിനെ രണ്ടാം ഘട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് ഹര്ഭജന് കൊല്‍ക്കത്തയുടെ ഭാഗമാകുന്നത്. ആദ്യ ഘട്ടത്തില്‍ ആരും താല്പാര്യം കാണിക്കാത്തതിനാല്‍ ഹര്‍ഭജന്റെ ഐപിഎല്‍ കരിയറിനും വിരാമമാകുന്നു എന്ന തരത്തിലുള്ള ട്വീറ്റുകള്‍ സജീവമാകുന്നതിനിടെ യാണ് രണ്ടാം ഘട്ടത്തില്‍ താരത്തെ കൊല്‍ക്കത്ത ക്യാമ്പിലെത്തിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഭാഗമായിരുന്നു ഹര്ഭജന് സിങ് എങ്കിലും ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ 40കാരനായ ഹര്ഭജന് വിട്ടുനില്‍ക്കുകയായിരുന്നു. അതിന് ശേഷം ഫോം തെളിയിക്കാന്‍ പറ്റിയ മത്സരങ്ങളുടെ ഭാഗമാവാനും ഹര്ഭജനായില്ല. അതിനാല്‍ തന്നെ ഈ ലേലത്തില്‍ ആരും താല്പര്യം കാണിക്കില്ലെന്ന് തുടക്കം മുതലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതായാലും ഹര്‍ഭജനെ ഇനി എങ്ങനെ കൊല്‍ക്കത്ത ഉപയോഗിക്കുന്നു എന്ന് കണ്ടറിയണം. 160 മത്സരങ്ങളിലായാണ് മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍കിങ്സിനും വേണ്ടി ഹര്ഭജന് പന്ത് എറിഞ്ഞത്. ഏറെക്കാലം മുംബൈ ഇന്ത്യന്‍സിന്റെ അവിഭാജ്യ ഘടകമായിരുന്നു ഹര്ഭജന്.
അതേസമയം ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസാണ് 2021 ഐപിഎല്‍ ലേലത്തിലെ വിലപിടിപ്പുള്ള താരം. 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മോറിസിനെ 16.25 കോടിക്കാണ് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്. ഇതിന് മുമ്പ് ഇന്ത്യന്‍ താരം യുവരാജ് സിങിനായിരുന്നു റെക്കോര്‍ഡ് തുക. 16 കോടിയായിരുന്നു യുവരാജിന് ലഭിച്ചിരുന്നത്. അന്ന് ഇത്രയും തുക കൊടുത്ത് യുവരാജിനെ ടീമിലെത്തിച്ചത് ഡല്‍ഹി കാപ്പിറ്റല്സായിരുന്നു.