ലോറൻസിനെ പുറത്താക്കാന്‍ മിന്നല്‍ സ്റ്റമ്പിങുമായി പന്ത്; അഭിനന്ദനവുമായി ഗില്‍ക്രിസ്റ്റ്
ചെന്നൈ ടെസ്റ്റില്‍ അശ്വിന്റെ ബൌളിലായിരുന്നു ഋഷഭ് പന്തിന്റെ മിന്നല്‍ പ്രകടനം.

ഇംഗ്ലണ്ട് ബാറ്റ്സ്മാന് ഡാൻ ലോറൻസിനെ പുറത്താക്കാന്‍ മിന്നല്‍ സ്റ്റമ്പിങ് നടത്തിയ ഋഷഭ് പന്തിനെ പ്രകീര്‍ത്തിച്ച് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ്. ചെന്നൈ ടെസ്റ്റില്‍ അശ്വിന്റെ ബൌളിലായിരുന്നു ഋഷഭ് പന്തിന്റെ മിന്നല്‍ പ്രകടനം. ഡാന്‍ ലോറന്‍സിനെ പുറത്താക്കുന്നതിന് തൊട്ടുമുന്‍പുള്ള ബൌളില്‍ അശ്വിനുമായി പന്ത് സംസാരിക്കുന്നതും വീഡിയോ റിപ്ലൈയില് നിന്ന് കാണാം. അതിന് ശേഷം അശ്വിന് എറിഞ്ഞ ബൌളിനെ ക്രീസ് വിട്ട് നേരിടാന്‍ ഇറങ്ങിയ ലോറന്‍സിനെ ബീറ്റ് ചെയ്ത ബൌള്‍ കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. ലെഗ് സൈഡില്‍ നിന്ന് കളക്ട് ചെയ്ത് ബൌള്‍ ഒട്ടും വൈകിക്കാതെ വലത്തേ സൈഡിലേ സ്റ്റമ്പിലേക്ക് ഡൈവ് ചെയ്ത് സ്റ്റമ്പിങ് പൂര്‍ത്തിയാക്കിയ പന്ത് ലോറന്‍സിനെ പവലിയനിലേക്ക് മടക്കി.
പന്തിന്റെ സ്റ്റമ്പിങിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഓസീസിന്റെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ് തന്നെ പന്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്. 'ഇന്നലെ ഫോക്സിന്റെ(ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍) ദിനമാണെങ്കില്‍ ഇന്ന് പന്തിന്റെ ദിവസമാണ്'
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിനിടെ ബെന്‍ ഫോക്സ് മികച്ച സ്റ്റമ്പിങിലൂടെ രോഹിതിനേയും ഋഷഭ് പന്തിനേയും പുറത്താക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സില്‍ ഡാന്‍ ലോറന്‍സിനെയും മോയീന്‍ അലിയെയും സ്റ്റമ്പിങിലൂടെ പുറത്താക്കിയാണ് പന്ത് ഇംഗ്ലണ്ടിന് മറുപടി കൊടുത്തത്. ഇതോടെയാണ് താരത്തിന് അഭിനന്ദനവുമായി ആഡം ഗില്‍ക്രിസ്റ്റ് രംഗത്തെത്തിയത്. ഗില്‍ക്രിസ്റ്റിന്റെ ആശംസക്ക് നന്ദി പറഞ്ഞ് പന്തും ട്വീറ്റ് ചെയ്തിരുന്നു. 'നന്ദി, നിങ്ങളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ലഭിക്കുന്നുണ്ട്' പന്ത് ട്വീറ്റ് ചെയ്തു.