കോഹ്ലിയെ കറക്കി വീഴ്ത്തി മോയിന്‍ അലി; അപ്രതീക്ഷിത ടേണ്‍ വിശ്വസിക്കാനാകാതെ വിരാട്
സ്കോര്‍ ബോര്‍ഡ് 86ല്‍ നില്‍ക്കെയായിരുന്നു വിരാടിനെ ക്ലീന്‍ ബൌള്‍ഡ് ആക്കിക്കൊണ്ട് അപ്രതീക്ഷിത ടേണോടു കൂടി മോയീന്‍ അലിയുടെ പന്ത് വരുന്നത്.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ കറക്കി വീഴ്ത്തി മോയിന്‍ അലിയുടെ അത്ഭുത ബൌള്‍. സ്കോര്‍ ബോര്‍ഡ് 86ല്‍ നില്‍ക്കെയായിരുന്നു വിരാടിനെ ക്ലീന്‍ ബൌള്‍ഡ് ആക്കിക്കൊണ്ട് അപ്രതീക്ഷിത ടേണോടു കൂടി മോയിന്‍ അലിയുടെ പന്ത് വരുന്നത്. ഓഫ്സൈഡില്‍ പിച്ച് ചെയ്ത പന്തിനെ ഡ്രൈവ് ചെയ്യാന്‍ ആഞ്ഞ് മുന്നോട്ടിറങ്ങിയ കോഹ്ലിയെ മുഴുവന്‍ ആയി കീഴ്പ്പെടുത്തിയ ബൌള്‍ ഓഫ് സ്റ്റമ്പ് പിഴുതെറിഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡക്ക്...!
സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് പോലും ചേര്‍ക്കാന്‍ സാധിക്കാതെയാണ് വിരാട് മടങ്ങിയത്. പൂജാരയുടെ വിക്കറ്റ് വീണയുടന്‍ ക്രീസിലെത്തിയ കോഹ്ലിക്ക് ആകെ അഞ്ച് പന്ത് കളിക്കാനേ സാധിച്ചുള്ളൂ. അപ്രതീക്ഷിതമായി ബൌള്‍ഡ് ആയതുകൊണ്ട് തന്നെ കോഹ്ലിക്ക് സംഭവിച്ചതെന്താണെന്ന് മനസിലായില്ല. കുറേ നേരം ക്രീസില്‍ നിന്ന ശേഷമാണ് കോഹ്ലി മടങ്ങിയത്. സ്റ്റമ്പിങോ മറ്റോ ആണെന്ന് കരുതിയാണ് കോഹ്ലി ക്രീസില്‍ നിന്നത്. അങ്ങേ എന്‍ഡില്‍ ഉള്ള രോഹിതിനോട് ബൌള്‍ഡ് ആയിരുന്നോ എന്ന് കോഹ്ലി ചോദിക്കുന്നതും വീഡിയോ റീപ്ലയില് നിന്ന് കാണാം.