'ആ മുഖഭാവം കണ്ടോ..? ചായയിടാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ പാലില്ലാത്ത പോലെ' കോഹ്ലിയെ ട്രോളി ഇംഗ്ലീഷ് ആരാധകര്‍
മോയിന്‍ അലിയുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡായാണ് ഇന്ത്യന്‍ നായകന് പവലിയനിലെത്തിയത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങിസില്‍ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ ട്രോളി ഇംഗ്ലണ്ടിന്റെ ആരാധക സംഘമായ 'ബാര്‍മി ആര്‍മി'. മോയിന്‍ അലിയുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡായാണ് ഇന്ത്യന്‍ നായകന് പവലിയനിലെത്തിയത്. അക്കൌണ്ട് തുറക്കുന്നതിന് മുമ്പ് അപ്രതീക്ഷിതമായി പുറത്തായതിന്റെ ഞെട്ടലില്‍ കോഹ്ലി കുറേ നേരം ക്രീസില്‍ നിന്നിരുന്നു. ഓഫ്സൈഡില്‍ പിച്ച് ചെയ്ത പന്ത് പെട്ടെന്ന് കുത്തിത്തിരിഞ്ഞ് കോഹ്ലിയുടെ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാന്‍ കുറച്ച് സമയമെടുത്ത കോഹ്ലിയുടെ അത്ഭുതം കലര്‍ന്ന മുഖഭാവം വീഡിയോ റീപ്ലൈകളില് നിന്ന് വ്യക്തമായിരുന്നു.
ഈ സംഭവത്തെ ട്രോളിക്കൊണ്ടാണ് ഇംഗ്ലണ്ടിന്റെ ആരാധക സംഘമായ 'ബാര്‍മി ആര്‍മി' രംഗത്തെത്തിയത്. 'ഒരു കപ്പ് ചായയുണ്ടാക്കാന്‍ അടുക്കളയിലെത്തി. അപ്പോഴാണ് ഫ്രിഡ്ജില്‍ പാലില്ലെന്ന് മനസിലാകുന്നത്' ബാര്‍മി ആര്‍മി ട്വിറ്ററില്‍ കുറിച്ചു. വിക്കറ്റ് വീണ ശേഷം കോഹ്ലി പകച്ചുനില്‍ക്കുന്ന വീഡിയോ ഉള്‍പ്പടെയാണ് ഇംഗ്ലീഷ് ആരാധകപ്പട ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
സ്കോര്‍ ബോര്‍ഡ് 86ല്‍ നില്‍ക്കെയായിരുന്നു വിരാടിനെ ക്ലീന്‍ ബൌള്‍ഡ് ആക്കിയ മോയിന്‍ അലിയുടെ മാജിക് ബൌള്‍ വരുന്നത്. അപ്രതീക്ഷിത ടേണോടു കൂടി വന്ന പന്തിനെ ജഡ്ജ് ചെയ്യുന്നതില്‍ കോഹ്ലിക്ക് പിഴവ് സംഭവിച്ചു. ഓഫ്സൈഡില്‍ പിച്ച് ചെയ്ത പന്തിനെ ഡ്രൈവ് ചെയ്യാന്‍ ആഞ്ഞ് മുന്നോട്ടിറങ്ങിയ കോഹ്ലിയെ മുഴുവന്‍ ആയി കീഴ്പ്പെടുത്തിയ ബൌള്‍ ഓഫ് സ്റ്റമ്പ് പിഴുതെറിഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡക്ക്...!
ഒട്ടും പ്രതീക്ഷിക്കാതെ ബൌള്‍ഡ് ആയതുകൊണ്ട് തന്നെ കോഹ്ലിക്ക് സംഭവിച്ചതെന്താണെന്ന് മനസിലായില്ല. കുറേ നേരം ക്രീസില്‍ നിന്ന ശേഷമാണ് കോഹ്ലി മടങ്ങിയത്. സ്റ്റമ്പിങോ മറ്റോ ആണെന്ന് കരുതിയാണ് കോഹ്ലി ക്രീസില്‍ നിന്നത്. അങ്ങേ എന്‍ഡില്‍ ഉള്ള രോഹിതിനോട് ബൌള്‍ഡ് ആയിരുന്നോ എന്ന് കോഹ്ലി ചോദിക്കുന്നതും വീഡിയോ റീപ്ലയില് നിന്ന് കാണാം.