ഞങ്ങളുടെ നായകൻ കോലി തന്നെ; ആ ചർച്ചയിൽ മസാല വേണ്ടെന്ന് രഹാനെ
"വിരാടാണ് ഞങ്ങളുടെ ക്യാപ്റ്റൻ. അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും"

ടീം ഇന്ത്യ നായകൻ വിരാട് കോലിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപനായകൻ അജിൻക്യ രഹാനെ. കോലി തന്നെയാണ് നായകൻ എന്നും ആ ചർച്ചയിൽ 'മസാല' വേണ്ടെന്നും രഹാനെ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിന് മുമ്പോടിയായി വിർച്വൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേണ്ടത്ര ഊർജം കളത്തിൽ ലഭിക്കാത്ത നിമിഷങ്ങളുണ്ടാകും. ക്യാപ്റ്റൻസി മാറിയതു കൊണ്ടാണ് അതെന്ന് പറയാനാകില്ല. ഞാൻ നേരത്തെയും പറഞ്ഞതു പോലെ വിരാടാണ് ഞങ്ങളുടെ ക്യാപ്റ്റൻ. അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. നിങ്ങൾ അതിൽ കുറച്ച് മസാല (വിവാദം) കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്കത് കിട്ടില്ലഅജിൻക്യ രഹാനെ
ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് ശേഷമാണ് ക്യാപ്റ്റൻസിയെ കുറിച്ച് ചർച്ചകൾ ആരംഭിച്ചത്. രഹാനെയുടെ നേതൃത്വത്തിൽ ഓസീസിനെതിരെ നേടിയ പരമ്പര ജയത്തിന് ശേഷമാണ് ഇന്ത്യ ചെന്നൈയിൽ കീഴടങ്ങിയത്.
രോഹിത് ശർമ്മയുടെ ഫോമില്ലായ്മയെ കുറിച്ചും രഹാനെ സംസാരിച്ചു. രോഹിത് ടീമിലെ പ്രധാനപ്പെട്ട അംഗമാണ്. രണ്ട് മോശം ഇന്നിങ്സുകൾ കൊണ്ട് ഒരു കളിക്കാരനെ അളക്കരുത്. നമ്മൾക്ക് വേണ്ടി നേരത്തെ കളികൾ ജയിച്ച താരമാണ് അദ്ദേഹം. രോഹിത്തിൽ വിശ്വാസമർപ്പിക്കുകയാണ് വേണ്ടത്- അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ടെസ്റ്റിൽ 227 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. നാലു വർഷത്തിന് ശേഷമാണ് ഇന്ത്യ ഹോം ഗ്രൗണ്ടിൽ തോൽക്കുന്നത്. 2017 ഫെബ്രുവരിയിൽ ഓസീസിനെതിരെയായിരുന്നു ഇതിന് മുമ്പുള്ള തോൽവി. ഇതോടെ നാലു ടെസ്റ്റുകളടങ്ങുന്ന പരമ്പരയിൽ ഇന്ത്യ പിന്നിലായി. നാളെയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.