'അദ്ദേഹം ഇപ്പോഴും മികച്ച രീതിയില്‍ പന്തെറിയുന്നു, ഞാന്‍ വീട്ടില്‍ ഇരുന്ന് കളി കാണുന്നു' ആന്‍ഡേഴ്സണെ പുകഴ്ത്തി ഡെയ്ല്‍ സ്റ്റെയ്ന്
പ്രായം കൂടുന്തോറും പേസ് ബൌളിങ്ങിന്റെ മുഴുവന്‍ മനോഹാരിതയും പുറത്തെടുക്കുന്ന ആന്‍ഡേഴ്സണിന്റെ ബോളുകളാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ചയും

പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് ജെയിംസ് ആന്‍ഡേഴ്സണിന്റെ ബൌളിങ്. പ്രായം കൂടുന്തോറും പേസ് ബൌളിങ്ങിന്റെ മുഴുവന്‍ മനോഹാരിതയും ആന്‍ഡേഴ്സണിന്റെ ബോളുകളില്‍ പ്രകടമാകുന്നുണ്ട്. ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ചയും ആന്‍ഡേഴ്സണിന്റെ ബൌളിങ് മികവിനെ പറ്റിയുള്ളതാണ്.
ഇന്ത്യക്കെതിരെ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ആന്‍ഡേഴ്സന്റെ പന്തുകള്‍ കണ്ടവരാരും 38 കടന്ന വ്യക്തിയാണ് ആന്ഡേഴ്സണ് എന്ന് പറയാന്‍ സാധ്യതയില്ല. അത്രക്കും പേസും സ്വിങും കലര്‍ന്ന പന്തുകളായിരുന്നു ആ വെറ്ററന്‍ ബൌളറുടേത് . ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടതും ആന്‍ഡേഴ്സന്റെ പന്തുകളായിരുന്നു.
അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ പ്രതിരോധത്തിന് അടിത്തറയിട്ട ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് പിഴുതാണ് ജയിംസ് ആന്ഡേഴ്സണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയത്. മൂന്ന് പന്തിനകം വീണ്ടും ഇന്ത്യയുടെ നെഞ്ചില്‍ ആന്ഡേഴ്സണ് അമ്പ് തറച്ചു. ആന്‍ഡേഴ്സന്റെ റിവേഴ്സ് സ്വിംഗിന് മുന്നില്‍ ഇത്തവണ തെറിച്ചത് അജിങ്ക്യ രഹാനെയുടെ വിക്കറ്റായിരുന്നു. മികച്ച ഫോമില്‍ കളിച്ചിരുന്ന റിഷഭ് പന്തിനെതിരെയും ആന്‍ഡേഴ്സന്റെ കൈയ്യില്‍ ആയുധമുണ്ടായിരുന്നു.

പ്രായത്തെ വെല്ലുന്ന ഫോമില്‍ പന്തെറിയുന്ന ആന്ഡേഴ്സണ് സമൂഹമാധ്യമങ്ങളിലടക്കം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനിടെയാണ് ദക്ഷിണാഫ്രിക്കയുടെ ബൌളിങ് കുന്തമുന ആയിരുന്ന ഡെയ്ല്‍ സ്റ്റെയ്നുമായി ആന്‍ഡേഴ്സണെ താരതമ്യപ്പെടുത്തി പോസ്റ്റുകള്‍ വരുന്നത്. ഏഷ്യന്‍ സാഹചര്യങ്ങളിലെ ഇരുവരുടേയും ബൌളിങിനെ താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റുകള്‍.
എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് ഡെയ്ല്‍ സ്റ്റെയ്ന് തന്നെ രംഗത്തെത്തി. ജെയിംസ് ആന്ഡേഴ്സണെപ്പോലൊരു വ്യക്തിയുമായി തന്നെ താരതമ്യം ചെയ്യരുതെന്നും, അദ്ദേഹം തന്നെക്കാളും ഒരുപാട് മികച്ച കളിക്കാരനാണെന്നും സ്റ്റെയ്ന് പ്രതികരിച്ചു.
'താനുമായി ആന്‍ഡേഴ്സണെ താരതമ്യപ്പെടുത്തുന്നവര്‍ ഒരു കാര്യം മാത്രം നോക്കിയാല്‍ മതി, അദ്ദേഹം ഇപ്പോഴും പന്തെറിയുന്നു. ഞാനോ, ഇവിടെയിരുന്ന് സോഫയില്‍ കളി കാണുന്നു, അതില്‍ നിന്ന് തന്നെ മനസിലാക്കാമല്ലോ..... അദ്ദേഹം പ്രായം കൂടും തോറും മികച്ച കളി പുറത്തെടുക്കുന്ന കളിക്കാരനാണ്, ശരിയായ ഇതിഹാസം' ഡെയ്ല്‍ സ്റ്റെയ്ന് കൂട്ടിച്ചേര്‍ത്തു.