'ഒപ്പമുണ്ട്, നിങ്ങള്‍ ചെയ്തതാണ് ശരി' വസീം ജാഫറിന് പിന്തുണയുമായി അനില്‍ കുംബ്ലെ
ജാഫര്‍ ചെയ്തതാണ് ശരിയെന്നും എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നുമായിരുന്നു കുംബ്ലെ ട്വിറ്ററില്‍ കുറിച്ചത്.

ഉത്തരാഖണ്ഡ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട് വിവാദ ആരോപണങ്ങള്‍ നേരിടുന്ന വസീം ജാഫറിന് പിന്തുണയുമായി ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ. ജാഫര്‍ ചെയ്തതാണ് ശരിയെന്നും എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നുമായിരുന്നു കുംബ്ലെ ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം വസീം ജാഫര്‍ ഉത്തരാഖണ്ഡ് ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ചിരുന്നു. ടീം സിലക്ഷനില്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി മഹിം വര്‍മ ഉൾപ്പെടെയുള്ളർ വ്യാപകമായി ഇടപെടുന്നുവെന്ന് ആരോപിച്ചാണ് ജാഫര്‍ പരിശീലക സ്ഥാനം ഉപേക്ഷിച്ചത്. എന്നാല്‍ ജാഫറിന്റെ രാജിക്ക് പിന്നാലെ വര്‍ഗീയ ആരോപണങ്ങളുമായാണ് മഹീം വര്‍മ രംത്തെത്തിയത്.
വര്‍ഗീയതയുടെ ചുവടുപിടിച്ച് വിവാദം കൊഴുത്തതോടെ വസീം ജാഫറും ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്നാണ് അനില്‍ കുംബ്ലെ അടക്കമുള്ളവര്‍ ജാഫറിനെ പിന്തുണച്ച് രംഗത്തെത്തിയത്.
'നിങ്ങളോടൊപ്പമാണ് വസീം, നിങ്ങള്‍ ചെയ്തതാണ് ശരി, നിര്‍ഭാഗ്യവശാല്‍ താങ്കളെപ്പോലെയൊരു പരിശീലകന്റെ സാമീപ്യം കളിക്കാര്‍ക്ക് നഷ്ടപ്പെടും' അനില്‍ കുംബ്ലെ ട്വിറ്ററില്‍ കുറിച്ചു.
അനില്‍ കുംബ്ലക്ക് പിന്നാലെ വിദര്‍ഭ ടീം അംഗങ്ങളും വസീം ജാഫറിന് പിന്തുണ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. 'ഇത് വളരെ ഞെട്ടിപ്പിക്കുന്ന ആരോപണമാണ്. ഞാൻ അദ്ദേഹത്തോടൊപ്പം നാല് സീസണുകൾ കളിച്ചിട്ടുണ്ട്. ഓരോ കളിക്കാരനും അദ്ദേഹം മുതിര്‍ന്ന സഹോദരനെപ്പോലെയാണ്. മാന്യമായ വ്യക്തിത്വമാണ് വസീം ജാഫറിന്റേത്. കളിക്കാരനുമായുള്ള പെരുമാറ്റത്തിൽ ഒരിക്കല്‍ പോലും മോശം ഇടപെടല്‍ കണ്ടിട്ടില്ല' വിദര്‍ഭ ടീം ക്യാപ്റ്റന്‍ ഫൈസ് ഫസല്‍ പറഞ്ഞു.