ടെസ്റ്റ് റാങ്കിങില്‍ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി കോഹ്ലി; ആശ്ചര്യത്തോടെ ആരാധകര്‍
ചെന്നൈ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ റാങ്കില്‍ മുന്നേറ്റം നടത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് മൂന്നാം സ്ഥാനത്തെത്തി.

ചൊവ്വാഴ്ച പ്രഖ്യാപിച്ച ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ ഏറ്റവും പുതിയ ഐ.സി.സി റാങ്കിംഗിൽ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുന്‍പ് മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ പുതിയ റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ രണ്ട് സ്ഥാനം പിന്നിലായി അഞ്ചാം എത്തുകയായിരുന്നു. അതേസമയം, ചെന്നൈ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ റാങ്കില്‍ മുന്നേറ്റം നടത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലാന്‍ഡ് നായകന് കെയിന്‍ വില്യംസണ് ആണ് റാങ്കിങില്‍ ഒന്നാമത്.
ഇന്ത്യക്കെതിരായ പരമ്പരയില്‍ തന്റെ നൂറാം ടെസ്റ്റിനിറങ്ങിയ ജോ റൂട്ട് ഇരട്ട ശതകം നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ കളിയിലെ താരമായും ജോ റൂട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു മുമ്പ് നടന്ന ശ്രീലങ്കക്കെതിരായ പരമ്പരയിലും മികവ് പുലര്‍ത്തിയ താരം അവിടെ നടന്ന മൂന്ന് ടെസ്റ്റില്‍ നിന്നായി 684 റണ്‍സ് നേടിയിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളിലെ മികവാണ് ഇംഗ്ലണ്ട് നായകന് റാങ്കിങ്ങില്‍ മുന്നേറ്റം നല്‍കിയത്.
883 റേറ്റിംഗ് പോയിന്റാണ് ജോ റൂട്ടിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്യംസണെക്കാള്‍ 36 പോയിന്റ് പിന്നിലാണ് റൂട്ട്, വില്യംസണ് 919 പോയിന്റാണുള്ളത്, രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിന് 891 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന് കോഹ്ലിക്ക് 852 പോയിന്റുമാണുള്ളത്.