'അമിതാഹ്ലാദം വേണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത് ഓര്‍മയില്ലേ..?!' കെവിന് പീറ്റേഴ്സണ്
ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ജയിച്ചപ്പോള്‍ കാണിച്ച അമിത ആവേശം പിന്നീട് വിനയാകുമെന്ന് മുമ്പ് മുന്നറിയിപ്പ് നല്‍കിയതിനെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പീറ്റേഴ്സണിന്റെ ട്വീറ്റ്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ ട്രോളി മുന്‍ ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണ്. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ജയിച്ചപ്പോള്‍ കാണിച്ച അമിത ആവേശം പിന്നീട് വിനയാകുമെന്ന് മുമ്പ് മുന്നറിയിപ്പ് നല്‍കിയതിനെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പീറ്റേഴ്സണിന്റെ ട്വീറ്റ്.
ആസ്ട്രേലിയക്കെതിരായ ചരിത്രവിജയം ഇന്ത്യന്‍ ടീമിന് അമിത ആത്മവിശ്വാസം ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടെന്നും, അമിതമായ ആഘോഷത്തിന് പിന്നാലെ പോകാതെ ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ടീമിനെ തയ്യാറാക്കുന്നതിന് ശ്രദ്ധ നല്‍കാനുമായിരുന്നു പീറ്റേഴ്സണിന്റെ മുന്നറിയിപ്പ്.
പീറ്റേഴ്സണ് മുന്നറിയിപ്പ് നല്‍കിയത് പോലെതന്നെ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ വലിയ മാര്‍ജിനില്‍ തോല്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പീറ്റേഴ്സണ് ട്വിറ്ററില്‍ പണ്ട് മുന്നറിയിപ്പ് നല്കിയ അതേ ഭാഷയില്‍ ഇന്ത്യന്‍ ടീമിനെ ട്രോളിയത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ 420 റണ്‍ വിജയ ലക്ഷ്യവുമായി ഇന്ത്യ 192 റൺസിന് പുറത്താകുകയായിരുന്നു. 4 വിക്കറ്റെടുത്ത ജാക് ലീച്ചും 3 വിക്കറ്റെടുത്ത ആൻഡേഴ്സനുമാണ് ഇന്ത്യയെ തകര്‍ത്തത്.
അവസാന ദിവസത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ടോപ് സ്കോറര്‍.